മുൻ സർക്കാർ ഉഴപ്പിയ വിഷയത്തിൽ അടിയന്തര ഇടപെടൽ
കൊല്ലം: ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആക്കുന്നതിന് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി (അനിവാര്യത) സർട്ടിഫിക്കറ്റ് നൽകി. 2026- 27 അദ്ധ്യയന വർഷം 50 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജ് ആരംഭിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകുന്നതിനാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് കൈമാറിയത്. സർട്ടിഫിക്കറ്റിന് മൂന്ന് വർഷം കാലാവധിയുണ്ട്.
2026-27 ൽ 50 എം.ബി.ബി.എസ് സീറ്റുകൾക്ക് വേണ്ടി ഇ.എസ്.ഐ കോർപ്പറേഷൻ നേരത്തെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. പുതിയ മെഡിക്കൽ കോളേജിനായി നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ കഴിഞ്ഞ സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയില്ല. കേന്ദ്ര സർക്കാരിനു കീഴിലുളള ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ നേരിട്ടും ആവശ്യപ്പെട്ടു. നാഷണൽ മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകേണ്ട അവസാന ദിവസത്തിനു മുമ്പ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പലശ്രമങ്ങളും ഉണ്ടായെങ്കിലും അന്നത്തെ സംസ്ഥാന സർക്കാർ അനുകൂല നിലപാടിലേക്ക് എത്തിയില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി വിഷയം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. മന്ത്രി ഫയൽ പരിശോധിച്ച് സമയബന്ധിതമായി തുടർ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഒരു കടമ്പ കൂടി
കേരള ആരോഗ്യ സർവ്വകലാശാലയുടെ അഫിലിയേഷൻ കൂടി ലഭിച്ചാൽ മാത്രമേ മെഡിക്കൽ കോളേജിനായി, മെഡിക്കൽ കമ്മിഷന് അപേക്ഷ നൽകാനാവൂ. പുതിയ മെഡിക്കൽ കോളേജിന് അപേക്ഷ നൽകേണ്ട അവസാന തീയതി കഴിഞ്ഞ സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷം ഇനി അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ നീറ്റ് പരീക്ഷയിലൂണ്ടായ പ്രശ്‌നങ്ങൾ മൂലം ഒന്നാം വർഷ എം.ബി.ബി.എസ് പ്രവേശനം വൈകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഏതെങ്കിലും തരത്തിൽ ഇളവിന്റെ സാദ്ധ്യത പരിശോധിക്കണമെന്ന് ഈ മാസം അവസാനം ചേരുന്ന ഇ.എസ്.ഐ ബോർഡ് യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെടും.
എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത ഇടതു സർക്കാരിന്റെ നിലപാട് കാരണം ഈ വർഷം പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനുളള അവസരമാണ് ഇല്ലാതായത്. തൊഴിലാളി ദ്രോഹപരമായ നിലപാടാണ് കഴിഞ്ഞ സർക്കാർ കൈക്കൊണ്ടത്. അധികാരത്തിലെത്തിയ ശേഷം അതിവേഗത്തിൽ സമയബന്ധിതമായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ ആരോഗ്യ മന്ത്രി കെ. മുരളീധരനെ അഭിനന്ദിക്കുന്നു. എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ ഈ വർഷം തന്നെ കോളേജ് ആരംഭിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും
എൻ.കെ. പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |