SignIn
Kerala Kaumudi Online
Saturday, 20 June 2026 2.39 AM IST

ബഡ്ജറ്റി​ലെ മി​ഷൻ സമുദ്ര കൊല്ലത്തിന് കടലോളം പ്രതീക്ഷ

കൊല്ലം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിലെ ഏറ്റവും പ്രധാന പ്രഖ്യാപനമായ മിഷൻ സമുദ്ര‌ ജില്ലയ്ക്ക് സമ്മാനിക്കുന്നത് കടലോളം പ്രതീക്ഷകൾ. തുറമുഖവും തോട്ടുചേർന്ന് റെയിൽവേ ലൈനും ദേശീയജലപാതയും ഉൾനാടൻ ജലാശയങ്ങളുമുള്ള ജില്ലയിലേക്ക് വമ്പൻ പദ്ധതികളുടെ കുത്തൊഴുക്കിനാണ് സാദ്ധ്യത തുറക്കുന്നത്.

കടൽ വഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം കൊല്ലം പോർട്ടിന്റെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നു. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർദ്ധിപ്പിക്കും, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി, മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സ്വയം തൊഴിലിനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ, തീരദേശ വാസികൾക്ക് പട്ടയം, കടൽഭിത്തി നിർമ്മാണം എന്നീ പ്രഖ്യാപനങ്ങളും ജില്ലയിലെ തീരമേഖലയ്ക്ക് വലിയ പ്രതീക്ഷയാണ്.

 കൊല്ലത്ത് കൂടി സതേൺ കേരള എക്ണോമിക് കോറിഡോർ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഉൾപ്പെടുത്തി സതേൺ കേരള എക്ണോമിക് കോറിഡോർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം തീരത്തുള്ള അപൂർവ്വ ധാതുനിക്ഷേപങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കൊല്ലം തീരം പ്രധാന കേന്ദ്രമായ റയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന് 100 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ അപര്യാപ്തത കാരണം ജില്ലയുടെ തീരത്തുള്ള ധാതുമണലിലെ വൻ വിലയുള്ള മൂലകങ്ങളും വേർതിരിച്ച് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ആണവനിലയങ്ങളിലടക്കം ഇന്ധനമായി ഉപയോഗിക്കാവുന്ന മോണോസൈറ്റ് അടക്കമുള്ള ധാതുക്കൾ മണ്ണിൽ കുഴിയെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവ സംസ്കരിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

 ചിന്നക്കടയിൽ സ്കൈവേ

പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതോടെ ചിന്നക്കടയിൽ നിലവിലുള്ള വൻമതിലിന് പകരം സ്കൈവേയും അർബൻ പാർക്കും ഉറപ്പായി. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ആകെ ചെലവ്. ഒന്നാം ഘട്ടത്തിൽ ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയാണ് ഫ്ലൈ ഓവർ നിർമ്മിക്കുക. രണ്ടാം ഘട്ടത്തിൽ ക്ലോക്ക് ടവർ മുതൽ പബ്ലിക്ക് ലൈബ്രറി വരെയും. സ്കൈവേയുടെ താഴെഭാഗത്ത് പൊതുജനങ്ങൾക്കായി അർബൻ പാർക്ക് സജ്ജമാക്കും.

 കോട്ടുക്കലിൽ കോഴിമാംസ പ്രോസിംഗ് പ്ലാന്റ്

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കോട്ടുക്കലിൽ മണിക്കൂറിൽ 1,000 കോഴികളെ പ്രോസസ് ചെയ്യാൻ ശേഷിയുള്ള ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും ഫുഡ് ഫാക്ടറിയും പ്രഖ്യാപിച്ചു. കേരള ചിക്കൻ പദ്ധതിയിലെ സംരംഭകർ വളർത്തുന്ന കോഴികളെ ഇവിടെയെത്തിച്ച് കുടുംബശ്രീ വഴി വിപണയിലെത്തിക്കുകയാണ് ലക്ഷ്യം. പ്ലാന്റും പെറ്റ് ഫു‌ഡ് ഫാക്ടറിയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

 കശുഅണ്ടി മേഖലയ്ക്ക് പാക്കേജ്


കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാക്കേജ് നടപ്പാക്കും. പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ ബാങ്കുകളുമായി ചേർന്ന് ഒറ്റത്തപ്പണ തീർപ്പാക്കൽ പദ്ധതി. കശുഅണ്ടി മേഖലയ്ക്ക് 56 കോടി വകയിരുത്തിയിട്ടുണ്ട്.

 അമൃതാനന്ദമയി മഠവും ഓച്ചിറ ക്ഷേത്രവും ടൂറിസം സർക്യൂട്ടിൽ

അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണാറശ്ശാല ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവ ഉൾപ്പെടുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ടിൽ മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം എന്നിവയും കൂട്ടാിച്ചേർത്തു.

 കൊല്ലത്തു വരുമോ മാരിടൈം മ്യൂസിയം?

കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കൊല്ലത്ത് മാരിടൈം മ്യൂസിയം പ്രഖ്യാപിച്ചിരുന്നു. വി.ഡി. സതീശന്റെ ആദ്യ ബഡ്ജറ്റിലും അന്തർദേശീയ മാരിടൈം മ്യൂസിയമുണ്ട്. എന്നാൽ എവിടെയാണെന്ന പ്രഖ്യാപനമില്ല. കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തങ്കശ്ശേരിയിൽ മ്യൂസിയത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു.

മറ്റ് പ്രഖ്യാപനങ്ങൾ


 പട്ടാഴിയിൽ പുതിയ പൊലീസ് സ്റ്റേഷൻ
 അഷ്ടമുടി ടൂറിസത്തെ പ്രോത്സാഹിപ്പിക്കും

 കരുനാഗപ്പള്ളിയിൽ റവന്യു ടവർ

പുതുയുഗ വികസിത കേരളം എന്ന സ്വപ്നത്തിലേക്കുള്ള കാൽവെപ്പാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബഡ്ജറ്റ്. ചിന്നക്കടയിൽ സ്കൈവേയ്ക്ക് പണം നീക്കിവച്ചതോടെ തീരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ യു.ഡി.എഫ് മുന്നോട്ടുവച്ച ഒരു വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്

മന്ത്രി ബിന്ദു കൃഷ്ണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL