കൊല്ലം: പാരിപ്പള്ളി മെഡി. കോളേജിന്റെ നിലവിലെ അവസ്ഥ മനസിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അടുത്ത മാസം 6ന് വൈകിട്ട് 3ന് സന്ദർശനം നടത്തും. മെഡിക്കൽ കോളേജായിട്ടും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ അത്യാസന്ന നിലയിൽ എത്തുന്നവരെയെല്ലാം റഫർ ചെയ്ത് തലയൂരുകയാണ്.
കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നിരവധി തവണ ആശുപത്രി അധികൃതർ ശുപാർശ നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാർ അനുവദിച്ച തസ്തികകളിൽ പോലും പൂർണമായും നിയമനം നടന്നിട്ടില്ല.
ഇടതുപക്ഷം തകർത്തുവെന്ന് പ്രേമചന്ദ്രൻ
യു.ഡി.എഫ് സർക്കാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ഏറ്റെടുത്തതിനെ ശക്തമായി എതിർക്കുകയും ഏറ്റെടുക്കലിനെതിരെ ഇടത് തൊഴിലാളി സംഘടനകളെ കൊണ്ട് കോടതിയിൽ കേസ് ഫയൽ ചെയ്യിക്കുകയും ചെയ്ത ഇടത് മുന്നണി കഴിഞ്ഞ 10 വർഷം ആശുപത്രിയെ പാടേ അവഗണിക്കുകയായിരുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. പാരിപ്പള്ളി മെഡി. കോളേജിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി വരുന്നത്.
കഴിഞ്ഞ സർക്കാർ കൈമാറിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ നടപടി സ്വീകരിച്ചില്ല. പടിപടിയായി ആശുപത്രിയെ നിലവാരം തകർത്തു. ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ സൃഷ്ടിക്കുകയോ ഒഴിവുകൾ നികത്തുകയോ ചെയ്തില്ല. ദേശീയപാതയോട് ചേർന്നുകിടക്കുന്ന ആശുപത്രിയിൽ അപകടത്തിൽപ്പെടുന്നവർ എത്തുമ്പോൾ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരാജയപ്പെട്ടു. സൂപ്പർ സെപ്ഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുന്നതിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
ശക്തമായ ഇടപെടൽ തുടരും: ബി.ബി.ഗോപകുമാർ
പാരിപ്പള്ളി മെഡി. കോളേജിന്റെ നിലവിലെ അവസ്ഥ മാറ്റാൻ ശക്തമായ ഇടപെടൽ തുടരുമെന്ന് ബി.ബി.ഗോപകുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ നിയമസഭയിൽ ഉന്നയിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സന്ദർശനം. നിയമസഭയിലെ ചോദ്യോത്തര വേളയിലും പാരിപ്പള്ളി മെഡി. കോളേജിലെ വികസനം ഉന്നയിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പരമാവധി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ സജ്ജമാക്കുകയാണ് ലക്ഷ്യം. അതിനായി വിദഗ്ദ്ധ ഡോക്ടർമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ നിരന്തര ഇടപെടൽ നടത്തും. പാരിപ്പള്ളി മെഡി. കോളേജിലെ നഴ്സിംഗ് കോളേജിനുള്ള സ്ഥലം ഏറ്റെടുക്കൽ കളക്ടറുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കലിന് തഹസിൽദാരെ കളക്ടർ ചുമതലപ്പെടുത്തിയെന്നും ബി.ബി.ഗോപകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |