കൊല്ലം: തൊഴിലുറപ്പ് പദ്ധതിയുടെ പുതുരൂപം 'വി.ബി-ജി റാംജി' യുടെ ആദ്യ ദിനമായ ഇന്നലെ ജില്ലയിൽ 20,337 പേർക്ക് ജോലി ലഭിച്ചു. ഈ സാമ്പത്തിക വർഷം ഇനി 86 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ലേബർ ബ്ഡജറ്റ് പ്രകാരമാണ് പുതിയ പദ്ധതിയും മുന്നോട്ടുപോകുന്നത്. വി.ബി-ജി റാം ജിയുടെ പ്രത്യേക ലേബർ ബഡ്ഡറ്റ് അനുവദിച്ചിട്ടില്ല. മുൻ പദ്ധതിയിൽ 99.259 ലക്ഷം തൊഴിൽ ദിനങ്ങളുടെ ലേബർ ബഡ്ജറ്റാണ് നൽകിയിട്ടുള്ളത്. അത് അംഗീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് മാസത്തിലായി 13. 2 ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ നൽകി. ഈ രണ്ട് മാസത്തെ കൂലിയിനത്തിൽ 30 കോടി രൂപ കുടിശ്ശികയുണ്ട്.
കശുഅണ്ടി മേഖലയിൽ ആശ്വാസം
സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ അടഞ്ഞതോടെ ഇവിടങ്ങളിലെ വലിയൊരു വിഭാഗം തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിക്കുന്നത്. പ്രവർത്തിക്കുന്ന കാഷ്യു കോർപ്പറേഷൻ, കാപെക്സ് ഫാക്ടറികളിലെ തൊഴിലാളികളും തൊഴിൽ ഇല്ലാത്ത ദിവസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചിരുന്നു. കശുഅണ്ടി ഫാക്ടറികളിൽ ഷെല്ലിംഗ്, പീലിംഗ് തൊഴിലാളികൾക്ക് ഒരു ദിവസം പരമാവധി 500 രൂപയാണ് കൂലി. ഗ്രേഡിംഗ് തൊഴിലാളികൾക്ക് പരമാവധി 485.85 രൂപയും. നേരത്തെ തൊഴിലുറപ്പ് കൂലി 361 രൂപയായിരുന്നു. ഇപ്പോൾ 401 രൂപയാക്കിയത് കശുഅണ്ടി തൊഴിലാളികൾക്ക് ആശ്വാസമാണ്.
തൊഴിലുറപ്പ് അംഗങ്ങൾ: 6.12 ലക്ഷം
സജീവ അംഗങ്ങൾ: 2.5 ലക്ഷം
പുതിയ കൂലി: ₹ 401 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |