കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിൽ പഠന മികവിനൊപ്പം നിറഞ്ഞു നിൽക്കുകയാണ് കലയും കൃഷിയും സാങ്കേതിക വിദ്യയും! 116 ക്യാമ്പസുകളിൽ നിന്നുള്ള മൂവായിരം പ്രതിഭകൾ മാറ്റുരച്ച ഇന്റർ പോളി കലോത്സവത്തിൽ 333 പോയിന്റുകളോടെ തുടർച്ചയായ മൂന്നാം വർഷവും കിരീടം ചൂടിയാണ് കൊട്ടിയം എസ്.എൻപോളി പുതിയ ചരിത്രമെഴുതിയത്.
പഠനമുറിയിലെ ഗൗരവങ്ങൾക്കപ്പുറം കലയെയും മണ്ണിനെയും ഒരേപോലെ ചേർത്തുനിറുത്തുന്ന പുതിയ തലമുറയുടെ വിജയ പ്രഖ്യാപനമായി ഈ നേട്ടം. സംസ്ഥാന സർക്കാരിന്റെ കെ-ഡിസ്ക് വഴി നടപ്പാക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ നൂതന ആശയങ്ങളും പ്രോജക്ടുകളും സമർപ്പിച്ചതിനുള്ള അവാർഡ് കൊട്ടിയം പോളിക്കായിരുന്നു. 2024 ജൂണിൽ മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ വൈഷ്ണവിന്റെ ആദ്യ ഡ്രോൺ ഇവിടെ നിന്നു പറന്നുയർന്നത് ഭാവിയിലെ ശുഭ പ്രതീക്ഷകളെ വാനോളമുയർത്തി.
സംസ്ഥാന പുരസ്കാരം
കൊട്ടിയം പോളി ടെക്നിക്ക് എന്നാൽ കൃഷി വകുപ്പിന്റെ ഇഷ്ട കേന്ദ്രമാണ്. ക്യാമ്പസ് നിറയെ പച്ചപ്പാണ്. നാനാവിധ കൃഷിവിളകളും വിദ്യാർത്ഥികൾ കൂട്ടുചേർന്ന് വിജയത്തിലെത്തിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഇവർക്ക് ലഭിച്ചു. കാർഷിക മേഖലയിൽ മികച്ച സംഭാവന നൽകിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്.
കലാലോകം
കണ്ണൂരിൽ നടന്ന ഇന്റർ പോളി കലോത്സവത്തിൽ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്. സിംഗിൽ, ഗ്രൂപ്പ് ഇനങ്ങളിൽ കൊട്ടിയം പോളിയിലെ പ്രതിഭകൾ സമ്മാനങ്ങൾ വാരിക്കൂട്ടി. മലയാളം, ഇംഗ്ളീഷ് നാടകങ്ങളടക്കം കാണികളെ വിസ്മയിപ്പിച്ചു, എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് 333 പോയിന്റുകളോടെ സർവകാല റെക്കാഡോടെ കിരീടം സ്വന്തമാക്കിയത്.
സാങ്കേതിക വിദ്യയുടെ തിരക്കുകൾക്കിടയിലും വിദ്യാർത്ഥികളുടെ സർഗ വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ കാമ്പസിൽ ഒരുക്കിയിട്ടുണ്ട്. നല്ലൊരു ടീം വർക്കാണ് നടക്കുന്നത്
വി.സന്ദീപ്, പ്രിൻസിപ്പൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |