SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

കോർപ്പറേഷൻ ഓഫീസിൽ... ആക്രികൾക്കിടയിൽ ലക്ഷങ്ങൾ വിലയുള്ള 165 ടാബുകൾ

കൊല്ലം: കോർപ്പറേഷൻ ഓഫീസിലെ അടച്ചിട്ടിരുന്ന ഫീഡിംഗ് റൂമിൽ കൂട്ടിയിട്ടിരുന്ന പഴകിയ സാധനങ്ങൾക്കിടയിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിന്റെ 165 ടാബ്‌ലെറ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾ കണ്ടെത്തി. അവയിൽ ഭൂരിഭാഗവും കവറിൽ നിന്ന് പുറത്തെെടുക്കുക പോലും ചെയ്തിട്ടില്ലാത്തതാണ്. 2011ലെ സാമൂഹ്യ സാമ്പത്തിക സർവ്വേയ്ക്ക് എത്തിച്ചതെന്നാണ് നിലവിലെ നിഗമനം.

അടച്ചിട്ടിരുന്ന ഫീഡിംഗ് റൂം പ്രയോജനപ്പെടുത്താനായി കഴിഞ്ഞ ദിവസം മേയറുടെ നി‌ർദ്ദേശ പ്രകാരം തുറന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ കൂട്ടിയിട്ടിരുന്ന കേടായ കമ്പ്യൂട്ടറുകൾക്കും കാലൊടിഞ്ഞ കസേരകൾക്കും ഇടയിൽ ടാബുകൾ കണ്ടെത്തിയത്. ഭാരത് ഇലക്ട്രോണിക്സിന്റെ അഞ്ച് കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലായിരുന്നു ടാബുകൾ ഇരുന്നത്. ഇവയിൽ ഉപയോഗിക്കാത്തവയുടെ കവറിനുള്ളിൽ യൂസർ മാനുവലടക്കമുണ്ട്. കോർപ്പറേഷൻ അധികൃതർ പന്നീട് നടത്തിയ പരിശോധനയിൽ ഓഫീസിന്റെ മൂന്നാമത്തെ നിലയിൽ കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചറുകൾക്കിടയിൽ നിന്ന് രണ്ട് ടാബുകൾ കൂടി കണ്ടെത്തി.

പ്രയോജനപ്പെടുത്താതെ നശിപ്പിച്ചു

 എന്യൂമറേറ്റർമാർക്ക് വിവരങ്ങൾ ശേഖരിക്കാനായെത്തിച്ച ടാബുകൾ സർവേ പൂർത്തിയായ ശേഷം വിദ്യാർത്ഥികൾക്കോ സർക്കാർ ഓഫീസുകൾക്കോ കൈമാറാമായിരുന്നു

 അതിന് തയ്യാറാകാതെ ആക്രികൾക്കിടയിൽ ഉപേക്ഷിച്ചു

 ഉപയോഗിക്കാത്ത ടാബുകളടക്കം പാറ്റയും മറ്റ് പ്രാണികളും കടിച്ച് നശിപ്പിച്ചിട്ടുണ്ട്

 2016ലെ എൽ.ഡി.എഫ് സർക്കാർ കൊല്ലം വികസന അതോറിറ്റി പിരിച്ചുവിട്ടതോടെ താമരക്കുളത്തെ

അതോറിറ്റിയുടെ ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകൾ കോർപ്പറേഷൻ ഏറ്റെടുത്തിരുന്നു

 ഇതിൽ 25 കുഷ്യൻ റിവോൾവിംഗ് കസേരകൾ ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ അടച്ചിട്ട മുറിയിൽ നിന്ന് അടുത്തിടെ കണ്ടെത്തി

പി.പി.ഇ കിറ്റുകളുടെ കൂമ്പാരം

കോർപ്പറേഷൻ ഓഫീസിലെ രണ്ട് മുറികളിൽ കൊവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ പി.പി.ഇ കിറ്റ് കൂമ്പാരവും കണ്ടെത്തി. ഓരോന്നിനും 328 രൂപ വിലയുള്ളതാണ്. 2021ൽ നിർമ്മിച്ചതാണ്. കൊവിഡ് ഒരുപരിധി വരെ നിയന്ത്രണ വിധേയമായ ശേഷം കമ്മിഷൻ മാത്രം ലക്ഷ്യമിട്ട് അന്നത്തെ അരോഗ്യ വിഭാഗം വാങ്ങിക്കൂട്ടിയതെന്നാണ് നിഗമനം. അന്ന് വാങ്ങിയ പി.പി.ഇ കിറ്റുകൾ ഇടുമ്പോൾ തന്നെ കീറുന്ന തരത്തിൽ നിലവാരം കുറ‌ഞ്ഞതായിരുന്നുവെന്നും ആരോഗ്യ വിഭാഗം ജീവനക്കാർ പറഞ്ഞു.

കെ.ഡി.എയുടെ ഫർണിച്ചറുകൾ കാണാനില്ല
താൻ കെ.ഡി.എ ചെയർമാനായിരിക്കെ വാങ്ങിയ രണ്ട് ഹൈബാക്ക് കുഷ്യൻ കസേരകളും മൂന്ന് ഭാഗങ്ങളുള്ള ഒരു റൗണ്ട് ടേബിളും കാണാനില്ലെന്ന് മേയർ പറഞ്ഞു. ലക്ഷങ്ങൾ നൽകി വാങ്ങിയ നിർമ്മാണ സാമഗ്രികളും ഫർണിച്ചറുകളും കോർപ്പറേഷൻ ഓഫീസിന്റെ മൂന്നാമത്തെ നിലയിലും ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്.

ടാബുകൾ ഉപയോഗിക്കാതെ നശിപ്പിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. പി.പി.ഇ കിറ്റുകൾ അനാവശ്യമായി വാങ്ങിക്കൂട്ടി നശിപ്പിച്ചതും കെ.ഡി.എയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സാമഗ്രികൾ കാണാതായത് സംബന്ധിച്ചും അന്വേഷണം നടത്തും.

എ.കെ.ഹഫീസ്, മേയർ, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL