SignIn
Kerala Kaumudi Online
Saturday, 18 July 2026 3.45 AM IST

ആ'ശങ്ക' തീർക്കാൻ ജേപ്പി, ഓരോ ചുവടും മുന്നോട്ട്

photo
ഭൂമിക്കാരൻ ജേപ്പി

കൊല്ലം: ജയപ്രകാശിന്റെ ഓരോ ചുവടിലും ആത്മവിശ്വാസമുണ്ട്. എപ്പോഴത്തേതുമെന്ന പോലെ ഇപ്പോഴും അതിന് ഒരു കാരണമുണ്ട്. കാസർകോട് നിന്ന് തുടങ്ങിയതാണ് യാത്ര, അതും കാൽനടയായി. ഇതുപോലൊരു ദീർഘദൂരയാത്രയിലാണ് ആ വൃദ്ധദമ്പതികളെ കൊല്ലം വേളമാന്നൂർ സ്വദേശി 'ഭൂമിക്കാരൻ ജേപ്പി' എന്ന ജയപ്രകാശ് കാണുന്നത്. പണമില്ലാത്തതിനാൽ ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തിന് മുന്നിൽ നിസഹായരായി നിൽക്കുന്നു. ടോയ്‌ലെറ്റിന് മൂന്ന് രൂപ മുതൽ പത്ത് രൂപ വരെ ഈടാക്കുന്നുണ്ട്. എന്തുകൊണ്ട് സൗജന്യമാക്കിക്കൂടാ എന്നതാണ് ചോദ്യം. ആ ചോദ്യമാണ് ഏകാംഗപദയാത്രയെന്ന പ്രതിഷേധമായി അരങ്ങേറുന്നത്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. 'മലമൂത്രക്കരത്തിനെതിരെ ശുചിത്വ ബോധന പദയാത്ര' എന്ന പേരിലത് കോഴിക്കോട് പിന്നിടുകയാണ്.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നടത്ത പ്രതിഷേധം. ഇരുപത് കിലോമീറ്ററിലേറെയുള്ള യാത്രയിൽ, ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്ത് പരിസ്ഥിതി സംരക്ഷണ സന്ദേശവും വിളംബരം ചെയ്യും. ഭക്ഷണം ജനപ്രതിനിധികളുടെ വീട്ടിൽ നിന്നോ അന്നദാന കേന്ദ്രങ്ങളിൽ നിന്നോ. രാത്രി വിശ്രമം ബസ് സ്റ്റാൻഡിലോ വായനശാലകളിലോ. ഈയാവശ്യമുന്നയിച്ച്, നിരവധി മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായില്ല.

 വിശ്വപൗരനാകാനുള്ള ചുവട്

കൊല്ലം ചാത്തന്നൂർ വേളമാന്നൂരിലെ രേവതി സദനത്തിൽ ജനിച്ച അദ്ദേഹം, മനുഷ്യർ വിശ്വപൗരന്മാരാണെന്ന വിശ്വാസത്തിലാണ് 'ഭൂമിക്കാരൻ' എന്ന പേര് സ്വീകരിച്ചത്. സംസ്‌കൃത സർവകലാശാലയിൽ അറ്റൻഡറായി. ജോലി ലഭിച്ചതോടെ താമസിച്ചിരുന്ന വീട് അനാഥാലയത്തിന് നൽകി. പിന്നീട് അവർ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ, അതേ വീട് മറ്റുള്ളവർക്കായി തുറന്ന് 'ആനന്ദാശ്രമ' മാക്കി. ആർക്കും വന്ന് താമസിക്കാം. ഓപ്പൺ ലൈബ്രറിയും ആളില്ലാക്കടയുമുണ്ട് വീട്ടിൽ. പണം നൽകിയാലും ഇല്ലെങ്കിലും ആവശ്യക്കാർക്ക് സാധനങ്ങളെടുക്കാം. ഇന്ന് പന്ത്രണ്ടോളം പേർ അവിടെ ഒരുമിച്ച് ജീവിക്കുന്നു. ഭാര്യ ശ്രീകലയും മക്കളായ ഉജ്ജ്വലും ജ്വാലയും ജേപ്പിയുടെ കരുത്തായി കൂടെയുണ്ട്.


സ്ത്രീകൾക്ക് സൗജന്യ യാത്ര നല്ലതാണ്. അതിനും മുമ്പ് സ്റ്റാൻഡുകളിലടക്കമുള്ള പൊതു ടോയ്‌ലെറ്റുകളിൽ ഫീസ് വാങ്ങുന്നത് ഒഴിവാക്കണം.

ഭൂമിക്കാരൻ ജേപ്പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL