അഞ്ചാലുംമൂട്: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കൊന്നമുക്ക്-മേനാക്കിൽ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം ആരംഭിച്ച പണി നാട്ടുകാർക്ക് മൊത്തത്തിൽ 'പണി'യായ അവസ്ഥ! അഞ്ചു വർഷത്തോളം ദുരിതവസ്ഥയിലായിരുന്ന റോഡ്, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് അറ്റകുറ്റപ്പണിക്ക് തിരിഞ്ഞെടുത്തത്. എന്നാൽ രണ്ട് മാസം മുൻപ് ജെ.സി.ബി ഉപയോഗിച്ച് റോഡ് ഇളക്കിമറിച്ചെങ്കിലും ഇപ്പോൾ പണി ഉപേക്ഷിച്ച മട്ടാണ്. ഇതോടെ ഗതാഗതം പൂർണമായും അസാദ്ധ്യമായി.
അന്താരാഷ്ട്ര യുദ്ധപ്രതിസന്ധിയാണ് പണി മുടങ്ങാൻ കാരണമായി അധികൃതർ നിരത്തുന്ന ന്യായീകരണം. യുദ്ധം കാരണം ടാറിന്റെ വില കുതിച്ചുയർന്നതോടെ നിലവിൽ അനുവദിച്ച തുക ഉപയോഗിച്ച് പണി പൂർത്തിയാക്കാൻ കഴിയില്ലെന്നും വിശദീകരണമുണ്ടായി. കരാറുകാരനും കടുത്ത പ്രതിസന്ധിയിലാണ്. ഇതേ കരാറുകാരൻ തന്നെ ഏറ്റെടുത്ത പ്രാക്കുളം പള്ളി റോഡും നിലവിൽ സമാനമായ രീതിയിൽ എത്തി നിൽക്കുന്നു.
കൊന്നമുക്ക് ജംഗ്ഷനിൽ നിന്ന് തൃക്കരുവ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രധാന പാതയാണിത്. എം.എൽ.എ ഫണ്ടിൽ നിന്ന് 13.89 ലക്ഷം അനുവദിച്ച് കരാറായതിനെത്തുടർന്ന് വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ റോഡ് പൂർണ്ണമായി ഇളക്കിയിട്ടതോടെ കാൽനടയാത്ര പോലും പറ്റാതെയായി.
നാല്പതോളം കുടുംബങ്ങൾ
ഇരുചക്രവാഹന യാത്രക്കാരും വഴിയറിയാതെ ഈ റൂട്ടിലെത്തുന്ന മറ്റ് വാഹനങ്ങളും മെറ്റൽ കൂനകളിലും മണ്ണിലും പുതയുന്നത് പതിവാണ്.
പ്രദേശത്ത് നാല്പതോളം കുടുംബങ്ങളാണ് ഈ വഴിയിൽ കുടുങ്ങി കിടക്കുന്നത്. റോഡിന്റെ തകരാർ കാരണം അടിയന്തര ഘട്ടങ്ങളിൽ സ്വന്തം വാഹനങ്ങൾ പോലും പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കരാറുകാരനുമായി ബന്ധപ്പെട്ട് പണി വേഗം പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.
റോസമ്മ മാർഷൽ (പ്രസിഡന്റ്, തൃക്കരുവ ഗ്രാമ പഞ്ചായത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |