SignIn
Kerala Kaumudi Online
Thursday, 30 July 2026 5.02 AM IST

റോഡിന് സ്ഥലം നൽകി, റോഡുമില്ല, സ്ഥലവുമില്ല !

ty
മുളവന മണപ്പുറം - പാറ്റൂർക്കോണം റോഡിനും വലിയറ - ചാമുണ്ഡി ചിറ റോഡിനും ഇടയിൽ റോഡ് നിർമിക്കേണ്ട ഭാഗം

​കൊല്ലം: റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നാട്ടുകാർ സ്ഥലം വിട്ടു നൽകി... ഹാർബർ എൻജിനീയറിംഗ് വകുപ്പ് 44.7 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി... ഫിഷറീസ്, തുറമുഖ വകുപ്പ് അനുവദിച്ച 21 ലക്ഷം വിനിയോഗിച്ച് കുറച്ചുഭാഗത്ത് റോഡുണ്ടാക്കി... ബാക്കി ഭാഗം എന്നു പൂർത്തിയാകുമെന്നറിയാതെ കാത്തിരിക്കുകയാണ് നാട്ടുകാർ.

മുളവന പഞ്ചായത്തിലെ മണപ്പുറം- പാറ്റൂർക്കോണം റോഡിനും വലിയറ- ചാമുണ്ഡി ചിറ റോഡിനും ഇടയിൽ പുതിയ റോഡ് നിർമ്മിക്കേണ്ട ഭാഗം കാടുകയറിയ നിലയിലാണിപ്പോൾ. 15 കുടുംബങ്ങളാണ് വർഷങ്ങളായി നകരയാതന അനുഭവിക്കുന്നത്.

ഇരു റോഡുകളും ബന്ധിപ്പിക്കാനാണ് പുതിയ റോഡ് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചത്. യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെത്തുടർന്ന് ജനങ്ങൾ നേരിട്ട് റോഡ് ഉണ്ടാക്കാൻ തുടങ്ങി. പിന്നീടാണ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് 44.70 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 2013ൽ തീരദേശ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി ഫിഷറീസ്, തുറമുഖ വകുപ്പ് അനുവദിച്ച 21 ലക്ഷം രൂപ ഉപയോഗിച്ച് വലിയതുറ മുതൽ ചാമുണ്ഡിമൂല ചിറ വരെ റോഡുണ്ടാക്കി. രണ്ടാം ഘട്ടത്തിനായി 25.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയെങ്കിലും നിർമ്മാണം പാതിവഴിയിൽ നിലച്ചു.

നിലവിൽ 45.81 ലക്ഷത്തിന്റെ ഭരണാനുമതി

2015ൽ പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്ന്, പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്താനായി പദ്ധതി പരിശോധിച്ച് നിർദേശം നൽകാൻ ചിറ്റുമല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറെ ചുമതലപ്പെടുത്തിയെങ്കിലുംകാര്യമുണ്ടായില്ല. 2024ൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ ഇടപെടലിലൂടെ പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 45.81 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയെടുത്തെങ്കിലും മറ്റു കാര്യങ്ങൾ പതിവുപോലെ മുന്നോട്ടു നീങ്ങിയില്ല.

............................

വിട്ടൊഴിയാത്ത പ്രശ്നങ്ങൾ

 റോഡിനായി ഭൂമി വിട്ടുനൽകിയവരുടെ പുരയിടങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ

 റോഡ് വന്നതുമില്ല, വീട് അപകടത്തിലാവുമെന്ന അവസ്ഥയും

 റോഡ് വന്നാൽ മാത്രമേ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ സാധിക്കൂ

 ​36 വർഷമായി റോഡിനു വേണ്ടി അപേക്ഷിക്കുന്നെന്ന് നാട്ടുകാർ

 ഇരുട്ട് വീണാൽ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥ.

 ഇഴജന്തുക്കൾ, കാട്ടുപന്നി, തെരുവ് നായ എന്നിവയുടെ ശല്യം രൂക്ഷം

റോഡില്ലാത്തത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കിടപ്പുരോഗികളെയാണ്. ​വർഷങ്ങളായി തുടരുന്ന ഈ യാത്രാദുരിതത്തിന് അടിയന്തരമായി അറുതി വരുത്തണം. എത്രയും പെട്ടെന്ന് റോഡ് നിർമാണം ആരംഭിക്കണം

നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL