SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

കാഴ്ചക്കാരായി കോസ്റ്റൽ പൊലീസ് മൂന്ന് റസ്ക്യു ബോട്ടുകളിൽ ജീവനുള്ളത് ഒന്നിനു മാത്രം

നേത്രയും യോദ്ധയും കട്ടപ്പുറത്ത്

കൊല്ലം: കടലിലെ അപകടങ്ങളിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ വഴിയില്ലാതെ കോസ്റ്റൽ പൊലീസുകാർ കാഴ്ചക്കാരാവുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആകെയുള്ള മൂന്ന് റെസ്ക്യു ബോട്ടുകളിൽ രണ്ടെണ്ണം കട്ടപ്പുറത്താണ്. രക്ഷാപ്രവർത്തനത്തിന് നിലവിൽ ഉപയോഗിക്കുന്ന ഒരു ബോട്ടിന് തിരകളെ അതിജീവിച്ച് ഉൾക്കടലിലേക്ക് പോകാൻ കഴിയുന്നില്ല.

ഇവിടത്തെ നേത്ര എന്ന റെസ്ക്യു ബോട്ട് അഞ്ച് വർഷമായി കട്ടപ്പുറത്താണ്. ഇതിന്റെ രണ്ട് എൻജിനുകളിൽ ഒന്ന് തകരാറിലായതാണ് പ്രശ്നം. ആലപ്പുഴയിൽ സമാനമായ അവസ്ഥയിലുള്ള ബോട്ടിന്റെ ഒരു എൻജിൻ ഘടിപ്പിച്ച് പ്രവർത്തന ക്ഷമമാക്കണമെന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിടും ഉയർന്ന ഉദ്യോഗസ്ഥർ അനങ്ങിയിട്ടില്ല. മറ്റു രണ്ട് ബോട്ടുകളായ യോദ്ധ കൊല്ലം തീരത്തും ദർശന ശക്തികുളങ്ങര കേന്ദ്രീകരിച്ചുമാണ് പട്രോളിംഗ് നടത്തിയിരുന്നത്. തുടർച്ചയായി ശക്തമായ തിരകളിൽപ്പെട്ടതോടെ പത്ത് ദിവസം മുൻപ് യോദ്ധ കട്ടപ്പുറത്തായി.

മൂന്നു ബോട്ടുകളും 15 വർഷം മുമ്പ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ്. തങ്ങളും അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ദർശനയിലെ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ അധികം ദൂരേക്ക് പോകാറില്ല. തീരക്കടൽ കേന്ദ്രീകരിച്ചുള്ള പട്രോളിംഗ് മാത്രമാണ് നടത്തുന്നത്. രണ്ട് ബോട്ടുകളുടെയും അറ്റകുറ്റപ്പണിക്ക് സ്വകാര്യ കമ്പനിയുമായി എ.എം.സി ഉണ്ടെങ്കിലും നന്നാക്കി ആഴ്ചകൾക്കുള്ളിൽ വീണ്ടും കേടാകുന്നതാണ് പതിവ്. നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ പുതിയ റെസ്ക്യു ബോട്ടുകൾ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ അടക്കം കാലങ്ങളായി ആവശ്യപ്പെടുന്നെങ്കിലും പരിഗണിച്ചിട്ടില്ല.

തിരയോടെ മല്ലിട്ട് ഒന്നര മണിക്കൂർ

ഇന്നലെ പുലർച്ചെ തങ്കശേരിയിൽ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന ആറ് തൊഴിലാളികളും ഒന്നര മണിക്കൂറിലേറെ നീന്തിയും നിലവെള്ളം ചവിട്ടിയും തിരയോട് മല്ലിട്ടിരുന്നു. മറ്റ് വള്ളക്കാർ കണ്ടതുകൊണ്ടാണ് അതിൽ അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനായത്. മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടതായി വിവരം ലഭിക്കുമ്പോൾ കോസ്റ്റൽ പൊലീസ് വള്ളങ്ങൾക്കും ബോട്ടുകൾക്കും അറിയിപ്പ് നൽകി രക്ഷാപ്രവർത്തനത്തിന് സഹായം തേടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL