SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

ജീവനെടുത്ത് കാട്ടുമൃഗങ്ങൾ, മരണഭീതിയിൽ മലയോരം

കൊല്ലം: സന്ധ്യ മയങ്ങിയാൽ വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ട അവസ്ഥ, പുലർച്ചെ ജോലിക്കിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പില്ല, വന്യജീവി ആക്രമണങ്ങൾ തുട‌‌‌ർക്കഥയായതോടെ ജില്ലയുടെ കിഴക്കൻ മലയോരം മരണഭീതിയിൽ.

പത്തനാപുരം, കുളത്തൂപ്പുഴ, തെന്മല മേഖലകളിലെ തോട്ടം മേഖലകളും ഗ്രാമവീഥികളും കാട്ടുമൃഗങ്ങൾ കൈയടക്കി. ഇതോടെ മലയോര നിവാസികളുടെ സ്വൈര്യ ജീവിതവും പ്രാദേശിക സാമ്പത്തിക വ്യവസ്ഥയും ഒരുപോലെ തകർന്നു. മുൻകാലങ്ങളിൽ രാത്രിയിൽ മാത്രം കാടിറങ്ങിയിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ പകൽ വെളിച്ചത്തിലും ജനവാസ മേഖലകളിലേക്ക് എത്തുകയാണ്.

അദ്ധ്വാനിച്ച് ജീവിക്കാൻ കൃഷിയിടങ്ങളിലേക്കും എസ്റ്റേറ്റുകളിലേക്കും ഇറങ്ങുന്ന സാധാരണക്കാരായ മനുഷ്യരാണ് മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത്.

പൊലിഞ്ഞ ജീവനുകൾ

ഈ വർഷം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവരുടെ എണ്ണം കൂടുതലാണ്. ഇന്നലെ പത്തനാപുരം കടശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രാജമ്മ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. കുളത്തൂപ്പുഴയിൽ ജൂലായ് 30ന് പുലർച്ചെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുന്നിൻപുറത്ത് വീട്ടിൽ ബഷീർ (68) കൊല്ലപ്പെട്ടിരുന്നു. പുനലൂർ ചാലിയക്കര എ.വി.ടി എസ്റ്റേറ്റിലെ ജീവനക്കാരൻ തെന്മല ഉപ്പുകുഴി മംഗലത്ത് പുത്തൻവീട്ടിൽ രഘുനാഥൻ പിള്ള (58) കാട്ടുപന്നിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 13ന് രാവിലെ 11 ഓടെയായിരുന്നു സംഭവം. മാർച്ച് 5ന് കുളത്തൂപ്പുഴ ഡാലി സ്വദേശിയായ പ്രകാശ് (46) ജോലികഴിഞ്ഞ് മടങ്ങുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു, ഗുരുതരമായി പരിക്കേറ്റു. ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ വേറെയുമുണ്ട്.

പുനലൂരിൽ പുലിയും ആനയും

പുനലൂർ, പത്തനാപുരം മേഖലകളിൽ ആനയും പുലിയുമാണ് പ്രധാന വില്ലൻമാർ. കറവൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിട്ടുണ്ട്. ഇത് ക്ഷീരമേഖലയെയും സാരമായി ബാധിച്ചു. കാട്ടാനക്കൂട്ടമിറങ്ങി റബർ, വാഴ, തെങ്ങ് കൃഷികളാണ് ദിനംപ്രതി നശിപ്പിക്കുന്നത്.

കുളത്തൂപ്പുഴയിൽ കാട്ടുപോത്തും പന്നിയും

കുളത്തൂപ്പുഴ മേഖലയിൽ കാട്ടുപോത്തും കാട്ടുപന്നിയുമാണ് ഭീതി പടർത്തുന്നത്. വനവിസ്തൃതി കൂടുതലുള്ള ഭാഗമാണ്. പ്രധാന റോഡുകളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവ കൂട്ടത്തോടെ എത്താറുണ്ട്. ഗതാഗത തടസം, കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി എന്നിവയുമുണ്ട്.

സോളാർ വേലികൾ പരാജയം

വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ നിലവിൽ പലയിടത്തും പ്രവർത്തിക്കുന്നില്ല. കാട്ടാനകൾ വൻ മരങ്ങൾ ഒടിച്ചിട്ടും കാട്ടുപോത്തുകൾ വേലികൾ തകർത്തുമാണ് നാട്ടിലേക്ക് കടക്കുന്നത്. ഫെൻസിംഗിന് പകരം ശാശ്വത പരിഹാരമായി അതിർത്തികളിൽ ആഴത്തിലുള്ള ട്രെഞ്ച് (കുഴി) നിർമ്മിക്കണമെന്ന ആവശ്യമാണ് പ്രദേശത്തുകാർ മുന്നോട്ടുവയ്ക്കുന്നത്. ആർ.ആർ.ടി യൂണിറ്റ് ഫലപ്രദമായി സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL