കൊല്ലം: പെരുംകുളം ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ ഒന്നാം ക്ളാസിൽ ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയ ഞെട്ടലിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നാണ് അവരുടെ പക്ഷം. സ്കൂളിന് സമീപത്തെ വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള ഭൂമിയാണ് കാട് മൂടിക്കിടക്കുന്നത്.
ഇവിടെ നിന്ന് പാമ്പ് ശല്യം പതിവാണെന്ന് സ്കൂൾ അധികൃതരും പറയുന്നു. രണ്ട് മാസത്തിനുള്ള സ്കൂൾ വളപ്പിൽ മൂന്ന് തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. അവധി ദിനങ്ങളിൽ സ്കൂൾ പടികളിൽ പാമ്പിനെ കണ്ട നാട്ടുകാരുമുണ്ട്. ഇന്നലെ കുട്ടികളുള്ള സമയത്ത് ക്ളാസ് മുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതാണ് ആശങ്കപ്പെടുത്തുന്നത്.
വാട്ടർ അതോറിറ്റിയുടെ പെരുംകുളം ട്രീറ്റ്മെന്റ് പ്ളാന്റ് ഈ ഭാഗത്താണുള്ളത്. ട്രീറ്റ്മെന്റ് പ്ളാന്റും വാട്ടർ ടാങ്കുകളും ഉള്ള ഭാഗത്ത് മാത്രമാണ് ജീവനക്കാരുടെ ശ്രദ്ധ. ബാക്കി ഭാഗം കാട് മൂടിക്കിടക്കുകയാണ്. പഴയ പൈപ്പുകളും മറ്റും ഇവിടെ നിക്ഷേപിച്ചിട്ടുമുണ്ട്. ഇവിടെ നിന്നാണ് പാമ്പുകളും മറ്റും സ്കൂൾ വളപ്പിലും സമീപത്തെ വീടുകളിലേക്കും എത്തുന്നത്.
പരാതി നൽകി മടുത്തു
വാട്ടർ അതോറിറ്റിക്കും കുളക്കട ഗ്രാമപഞ്ചായത്തിനും സ്കൂൾ അധികൃതർ പല തവണ നിവേദനങ്ങളും പരാതികളും നൽകി. കാട് നീക്കി പാമ്പ് ശല്യം ഒഴിവാക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമൊക്കെ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
നാടിന്റെ കരുതലുള്ള വിദ്യാലയം
കുട്ടികൾ കുറഞ്ഞും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തെ നാട്ടുകാർ ഒന്നിച്ചുനിന്നാണ് പുനർജീവൻ നൽകിയത്. കുട്ടികൾക്ക് ഇംഗ്ളീഷ് പഠനത്തിന് ഓസ്ട്രേലിയയിൽ നിന്നുവരെ അദ്ധ്യാപകരെ എത്തിച്ചു. ബാപ്പുജി സ്മാരക വായനശാല 'മാവേലി സ്കൂളിനെ' ദത്തെടുത്തു. താത്കാലിക അദ്ധ്യാപകരെ നിയമിച്ച് നല്ല പഠനാന്തരീക്ഷമൊരുക്കി. പഠന നിലവാരം ഉയർന്നതോടെ കുട്ടികളുടെ എണ്ണം കൂടി. സ്ഥല പരിമിതി വിഷയമായപ്പോൾ നാട്ടുകാർ പിരിവെടുത്ത് സ്കൂളിനുവേണ്ടി ഭൂമിയും വാങ്ങി. അറ്റകുറ്റപ്പണികൾക്കും മറ്റ് സൗകര്യങ്ങൾ ഒരുക്കാനുമൊക്കെ നാട്ടുകാർ ഒപ്പം ചേർന്നു. അപ്പോഴും സർക്കാർ സംവിധാനങ്ങൾ വേണ്ടരീതിയിൽ ഉണർന്നില്ല. പഴയ കെട്ടിടത്തിലാണ് ഇപ്പോഴും സ്കൂളിന്റെ പ്രവർത്തനം. ഭിത്തികളിലെ ദ്വാരങ്ങൾ അടച്ച് സ്കൂൾ അധികൃതരും മടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |