
കൊല്ലം: സഹജീവി സ്നേഹത്തിന്റെ മാതൃകയായി ചാത്തന്നൂർ കല്ലുവാതുക്കലിൽ പ്രവർത്തിക്കുന്ന 'സമുദ്രതീരം മതേതര വയോജന കേന്ദ്രം' സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു. പ്രവർത്തനം തുടങ്ങി ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഈ കാരുണ്യകേന്ദ്രം.
ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി മുന്നേറിയ എം.റൂവൽസിംഗിന്റെ സ്വപ്ന പദ്ധതിയാണ് സമുദ്രതീരമെന്ന കൂട്ടുകുടുംബം. സ്വന്തം കുടുംബവീട് അനാഥാലയമാക്കി മാറ്റിയ നന്മ മനസിന് കോടികളുടെ ബാദ്ധ്യതയാണ് മിച്ചമുള്ളത്.
പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സമുദ്രതീരം പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. സമുദ്രതീരത്തിന് കീഴിലായി നാല് അഭയകേന്ദ്രങ്ങളാണുള്ളത്. അച്ഛന്മാർക്കായുള്ള പുതിയ ഭവനം, അമ്മമാർക്കായുള്ള ഭവനം, കിടപ്പ് രോഗികൾക്കായി സമീപത്ത് മറ്റൊരു ഭവനം, കുട്ടികൾക്കായി ഗ്രൂപ്പ് ഫോസ്റ്റർ കെയർ ഹോം എന്നിവയാണുള്ളത്. ചിൽഡ്രൻസ് ഹോമിനോട് ചേർന്ന് ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലുമായി 50 അച്ഛനമ്മമാരും എട്ട് കുട്ടികളുമാണുള്ളത്. ഇവർക്കൊപ്പമാണ് എം.റൂവൽസിംഗും ഭാര്യയും മക്കളും അമ്മയും താമസിക്കുന്നത്. 25 ജീവനക്കാരുമുണ്ട്. ഇവർക്ക് വേതനം നൽകാനും അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും നൽകാനുമായി വലിയ തുക മാസം ചെലവ് വരുന്നുണ്ട്.
സ്ഥാപന വിപുലീകരണത്തിനും മറ്റുമായെടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കൺസ്ട്രക്ഷൻ ആവശ്യത്തിനുള്ള ടിപ്പർ ലോറികൾ വിൽക്കേണ്ടി വന്നു, ഹിറ്റാച്ചിയും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. അനാഥത്വത്തിന്റെ കണ്ണീരൊപ്പുന്ന സ്ഥാനത്തെ രക്ഷിക്കാൻ സുമനസുകളുടെ കാരുണ്യഹസ്തം നീളേണ്ടതുണ്ട്. മാസംതോറും 1000 രൂപവീതം അയച്ചുനൽകുന്ന സുഹൃത്തുക്കളിലൂടെയാണ് ഇപ്പോൾ ആഹാരത്തിനും മറ്റുമുള്ള വക കണ്ടെത്തുന്നത്.
പുതിയ കെട്ടിടങ്ങളും പൂർത്തിയാക്കണം
പുതിയ കെട്ടിടം നിർമ്മിച്ച് പുരുഷന്മാർക്ക് താമസിക്കാനുള്ള ഇടമൊരുക്കിയിട്ടുണ്ട്. ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. 95 കട്ടിലുകളും വേണ്ടിവരും. അടുക്കള നിർമ്മാണം പാതിവഴിയിലാണ്. ലിഫ്ട് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളും ഒരുക്കണം. തൊട്ടടുത്തായി ഓഡിറ്റോറിയം നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഓഡിറ്റോറിയം പൂർത്തിയായാൽ വിവാഹ ആവശ്യങ്ങൾക്ക് വാടകയ്ക്ക് നൽകാം. സമുദ്രതീരം അന്തേവാസികൾക്ക് വിവാഹങ്ങൾ കാണാനും സദ്യ കഴിക്കാനും അവസരമൊരുങ്ങുമെന്നതാണ് ഉദ്യമത്തിന്റെ മറ്റൊരു ലക്ഷ്യം.
വിലാസം
സമുദ്രതീരം,
സെക്കുലർ ഓൾഡേജ് ഹോം,
കല്ലുവാതുക്കൽ, കൊല്ലം
ഫോൺ: 9446909911, 6235100020
www.samudratheeram.org
samudratheeram2020@gmail.com
ബാങ്ക് അക്കൗണ്ട് നമ്പർ
12590200002521
ഫെഡറൽ ബാങ്ക്
ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001259
കല്ലുവാതുക്കൽ ബ്രാഞ്ച്
സംഭാവനകൾ നൽകുന്നവർക്ക് 80 ജി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും
വിദേശ സംഭാവനകൾ സ്വീകരിക്കാൻ എഫ്.സി.ആർ.എ അക്കൗണ്ട് ലഭ്യമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |