SignIn
Kerala Kaumudi Online
Thursday, 29 October 2026 5.42 AM IST

മോസസിന് സ്വർണവഴി തെളിച്ച് യു ട്യൂബ് ഗുരു

കോഴിക്കോട്: ഒളിമ്പിക് താരങ്ങൾ ഹാമർ എറിയുന്ന വീഡിയോകൾ യു ട്യൂബിൽ തുടർച്ചയായി കണ്ടു. തന്റെ പോരായ്മകൾ അതിലൂടെ മോസസ് ബിനു വർഗീസ് തിരിച്ചറിഞ്ഞു. സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം തവണയും സ്വർണം നേടിയ മോസസിന് യു ട്യൂബാണ് ഗുരു.

കൊല്ലം പതാരം എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ മോസസ് സീനിയർ വിഭാഗത്തിലാണ് മത്സരിച്ചത്. എട്ടാം ക്ലാസിൽ ഷോട്ട്പുട്ടായിരുന്നു ഇനം. അദ്ധ്യാപകന്റെ നിർദ്ദേശപ്രകാരമാണ് ഹാമർ ത്രോ പരിശീലിച്ച് തുടങ്ങിയത്. ആദ്യ സംസ്ഥാന കായികമേളയിൽ വെള്ളി നേടിയ മോസസ് ഇത്തവണ സ്വർണത്തിലേക്ക് ഉയർന്നു. 56.32 മീറ്ററായിരുന്നു ഇത്തവണത്തെ ദൂരം. ഹാമർ എറിയുന്ന സ്വന്തം വീഡിയോ ആദ്യം ഷൂട്ട് ചെയ്യും. പിന്നീട് ഒളിമ്പിക് താരങ്ങളുടെ വീഡിയോകളുമായി താരതമ്യം ചെയ്ത് പോരായ്മകൾ തിരുത്തും. കഴിഞ്ഞ തവണ മത്സരം കാണാനെത്തിയ പാലക്കാട് സ്വദേശി വിഷ്ണുവാണ് മോസസിന് നിർദേശങ്ങൾ നൽകിയത്.

സ്വന്തം പ്രകടനത്തിന്റെ വീഡിയോ വിഷ്ണുവിന് അയച്ചുകൊടുക്കും. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പോരായ്മകൾ തിരുത്തിയാണ് പരിശീലനം തുടരുന്നത്. മകന്റെ കായികമോഹത്തിന് കരുത്തേകാൻ അച്ഛൻ ബിനു വർഗീസ് രണ്ടേക്കർ സ്ഥലത്തെ കൃഷി ഒഴിവാക്കിയാണ് ഹാമർ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. മൂന്ന് വിദ്യാർത്ഥികൾക്ക് മോസസ് പരിശീലനവും നൽകുന്നുണ്ട്. അമ്മ: ബിൻസി ബിജു.സഹോദരൻ ജോസസ് ബിനു വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL