SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വാഹനങ്ങളുടെ മാനുവൽ ഫിറ്റ്നസ് ടെസ്റ്റ് വൈകുന്നു

കൊല്ലം: കേന്ദ്ര സർക്കാർ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് 2019 മാർച്ചിന് മുമ്പ് രജിസ്റ്റർ ചെയ്ത ജില്ലയിലെ വാഹനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതിയിലുള്ള മാനുവൽ ഫിറ്റ്നസ് ടെസ്റ്റ് വൈകുന്നതായി പരാതി. പണി പൂർത്തിയാക്കിയിട്ടും ഫിറ്റ്നസ് ടെസ്റ്റ് നടക്കാത്തതിനാൽ വാണിജ്യ വാഹനങ്ങൾ പലതും നിരത്തിലിറക്കാതെ ഒതുക്കിയിടേണ്ട അവസ്ഥയാണ്. ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ വരുമാനം നിലച്ച് പട്ടണിയിലേക്ക് നീങ്ങുകയാണ്.

ആഗസ്റ്റ് മുതൽ ജില്ലയിലെ ഫിറ്റ്നസ് പരിശോധന ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയിരുന്നു. പൂയപ്പള്ളിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമാണ് ജില്ലയിലെ ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധന കേന്ദ്രങ്ങൾ. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് പതിക്കുന്നതിന് പുറമേ സീരിയൽ നമ്പർ കൂടി നൽകിയാലെ ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധന നടത്താനാകൂ. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ലഭിക്കാനുള്ള കാലതാമസം കാരണമാണ് 2019 മാർച്ചിന് മുമ്പ് രജിസ്റ്റർ ചെയ്ത ജില്ലയിലെ വാഹനങ്ങൾക്ക് മാനുവൽ ഫിറ്റ്നസ് നടത്താനുള്ള പ്രത്യേക അനുമതി സംസ്ഥാന സർക്കാർ നൽകിയത്. രണ്ട് തവണ നീട്ടിയ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. അതുവരെ ഫീസ് അടച്ച വാഹനങ്ങളാണ് മാനുവൽ ഫിറ്റ്നസ് ടെസ്റ്റിനായി എത്തുന്നത്. എന്നാൽ ഉദ്യോഗസ്ഥർ വളരെക്കുറച്ച് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മാത്രമേ നടത്തുന്നുള്ളുവെന്നാണ് പരാതി. മാനുവൽ ഫിറ്റ്നസ് ടെസ്റ്റിന് ഫീസ് അടയ്ക്കാനുള്ള സമയപരിധി നീട്ടണമെന്നും ആവശ്യമുണ്ട്.

പരിശോധന രേഖ വർക്കലയിലേക്ക് മാറ്റി

ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധന കേന്ദ്രം വന്നതിനാൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്ക് മാനുവൽ ഫിറ്റ്നസ് ടെസ്റ്റിനുള്ള ഫീസ് സ്വീകരിക്കാനാവില്ല. അതുകൊണ്ട് വർക്കല ജോയിന്റ് ആർ.ടി ഒഫീസിൽ ഫീസടച്ചാണ് കൊല്ലത്ത് മാനുവൽ ഫിറ്റ്നസ് പരിശോധന നടത്തുന്നത്. മാനുവൽ ഫിറ്റ്നസ് പരിശോധന നടക്കുന്നതിനാൽ വരുമാനം കുറഞ്ഞ് ജില്ലയിലെ രണ്ട് ഓട്ടോമാറ്റിക് ഫിറ്റ്നസ് ടെസ്റ്റ് കേന്ദ്രങ്ങൾ പ്രതിസന്ധിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL