SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

''ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതി''ക്ക് മികച്ച ജനപിന്തുണ,​ ഇരുന്നൂറിൽപ്പരം കേന്ദ്രങ്ങൾ വൃത്തിയാക്കി

പാലാ: കാടുംപടലും കയറിക്കിടക്കുന്ന ട്രാൻസ്‌ഫോമറുകൾ ശുചീകരിക്കുന്ന ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതി ഊർജിതം. ഇതിനോടകം ഇരുന്നൂറിൽപരം ട്രാൻഫോമർ സ്റ്റേഷനുകൾ ശുചീകരിച്ചതായി കെ.എസ്.ഇ.ബി. പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ ''കേരള കൗമുദി''യോട് പറഞ്ഞു.

കാടുകയറി കിടക്കുന്ന ട്രാൻസ്‌ഫോമറുകളെക്കുറിച്ച് നിരന്തരം വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് കെ.എസ്.ഇ.ബി. പാലാ ഡിവിഷനിൽ ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതി രണ്ടുദിവസം മുമ്പ് ആരംഭിച്ചത്. വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനിടയിൽ തന്നെ കാടുംപടലും കയറിക്കിടക്കുന്ന ട്രാൻസ്‌ഫോമർ സ്റ്റേഷനുകൾ ശുചീകരിക്കാനും ജീവനക്കാർ സമയം കണ്ടെത്തുകയായിരുന്നു.

സാധാരണയായി ട്രാൻസ്‌ഫോമറിൽ ചുറ്റിക്കിടക്കുന്ന കാടുകളുടെ ചുവടുകൾ വെട്ടിമാറ്റുക മാത്രമേ ചെയ്യാറുള്ളൂ. എന്നാൽ ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതിപ്രകാരം ട്രാൻസ്‌ഫോമറിൽ കയറിക്കിടക്കുന്ന മുഴുവൻ വള്ളിച്ചെടികളും കാട്ടുപള്ളകളും മുറിച്ച് വലിച്ചുനീക്കി ട്രാൻസ്‌ഫോമർ സ്റ്റേഷനും പരിസരവും ശുചീകരിക്കുകയാണ് ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതിയിലൂടെ ചെയ്യുന്നത്.

പതിനൊന്ന് സെക്ഷനുകളിലും പണി തുടങ്ങി

പദ്ധതി പ്രകാരം പാലാ ഡിവിഷനുകീഴിലെ പതിനൊന്ന് സെക്ഷനിലുമുള്ള ട്രാൻസ്‌ഫോമർ സ്റ്റേഷനുകൾ ശുചീകരിക്കുന്ന പദ്ധതികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. രാമപുരം, മരങ്ങാട്ടുപള്ളി, കൊല്ലപ്പിള്ളി, ഭരണങ്ങാനം, ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ, പിണ്ണാക്കനാട്, പാലാ, പൈക, കിടങ്ങൂർ സെക്ഷനുകീഴിലായി ഇരുന്നൂറിൽപരം ട്രാൻസ്‌ഫോമർ സ്റ്റേഷനുകൾ രണ്ട് ദിവസത്തിനുള്ളിൽ ശുചീകരിച്ചു കഴിഞ്ഞു. കെ.എസ്.ഇ.ബി. പാലാ ഡിവിഷനുകീഴിൽ 1200ഓളം ട്രാൻസ്‌ഫോർമറുകളുണ്ട്. ഇതിൽ 450ൽപരം ട്രാൻസ്‌ഫോമറുകളുടെ പരിസരം കാടുപിടിച്ച നിലയിലായിരുന്നു.


വിവരമറിയിക്കാം, സംഗതി ക്ലീനാക്കും

നിങ്ങളുടെ നാട്ടിൽ ശോചനീയമായ പരിസരങ്ങളിലുള്ള ട്രാൻസ്‌ഫോമറുകളുണ്ടോ. ഉണ്ടെങ്കിൽ ചിത്രം സഹിതം വിവരം കെ.എസ്.ഇ.ബി. പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് വാട്‌സ്ആപ് ചെയ്യാം. ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോമർ പദ്ധതിയിലൂടെ എത്രയും വേഗം നിങ്ങൾ ചൂണ്ടിക്കാട്ടുന്ന ട്രാൻസ്‌ഫോമറിന്റെ പരിസരവും ശുചീകരിക്കും. വാട്‌സ്ആപിൽ വിവരവും ചിത്രങ്ങളും അയയ്‌ക്കേണ്ട നമ്പർ 9446008303.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL