SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

തിരുനക്കര ചുറ്റുവട്ടം @ 37

പരിഹസിച്ച് പവിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'തിരുനക്കര ചുറ്റുവട്ടം ' പ്രതിവാര കോളം 37-ാം വർഷത്തിലേക്ക് കടക്കുന്നു. ഒരു ആക്ഷേപ ഹാസ്യ കോളം ഇത്രയും വർഷം തുടരുന്നത് മലയാള മാദ്ധ്യമ രംഗത്ത് റെക്കാഡാണ്. നിരവധി നേതാക്കളെ കോളത്തിൽ വിമർശിച്ചെങ്കിലും അതെല്ലാം ആസ്വദിച്ചവരായിരുന്നു ഏറെയും. പ്രശ്‌നാധിഷ്ടിത വിമശനമായിരുന്നതിനാൽ ആരും പരിഭവം പ്രകടിപ്പിച്ചിട്ടില്ല. നിരവധി ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വന്ന് പരിഹാരം കാണാനായി. പത്രം കത്തിച്ചുള്ള പ്രതിഷേധം വരെ പല സംഘടനകൾ നടത്തിയെങ്കിലും ജനപക്ഷത്ത് നിന്നുള്ള വിമർശനത്തിന് ഒപ്പമായിരുന്നു വായനക്കാർ. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനെന്ന പേരിൽ വീതികുറഞ്ഞ ചന്തക്കവല കോഴിച്ചന്ത റോഡിലൂടെ ബസ് കയറ്റി വിട്ടുള്ള ട്രാഫിക് ഉപദേശകസമിതിയുടെ തല തിരിഞ്ഞ തീരുമാനത്തെ നിരവധി തവണ വിമർശിച്ചു. ഒടുവിൽ തീരുമാനം മാറ്റാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി നിർബന്ധിതരായി.

വേമ്പനാട്ടുകായൽ മലിനീകരണം, കൈയേറ്റം, നികത്തൽ, അനധികൃത പാറമട, മണ്ണുമാഫിയ എന്നിവയ്ക്കെതിരെ നിരന്തരം പോരാടി. എവിടെ മരങ്ങൾ വെട്ടിയാലും പരിസ്ഥിതി സംഘടനകൾക്കൊപ്പം നിന്നു. മെഡിക്കൽ കോളേജിലെ സ്വാഭാവിക വനം വെട്ടി കെട്ടിടം പണിയാനുള്ള തീരുമാനം, മീനച്ചിലാറ്റിലെ നവീകരണ പ്രവർത്തനങ്ങളുടെ പേരിൽ ആറ്റു തീരത്തുള്ള മരങ്ങൾ വെട്ടി മാറ്റൽ ഇതെല്ലാം അന്വേഷിക്കാൻ സമിതിയായി. ജൈവവൈവിദ്ധ്യ ബോർഡിന്റെ ഇടപെടൽ വരെ ഉണ്ടായി. ശാസ്ത്രി റോഡ് നവീകരണത്തിനായി തണൽ മരങ്ങൾ വെട്ടാനുള്ള തീരുമാനവും അധികൃതർ തിരുത്തി. ശിഖരങ്ങൾ മുറിച്ച് ഭൂരിഭാഗം മരങ്ങളും നിലനിറുത്തി. തിരുനക്കര ക്ഷേത്ര ഗോപുരങ്ങളും കൂത്തമ്പലവും തകർന്നതും ആന തിരുനക്കര ശിവനെതിരായ പീഡനവും കോളത്തിൽ വാർത്തയാക്കിയതോടെ നടപടിയായി. അഴിമതിക്കെതിരെ നിരന്തരം പോരാടി. ഉദ്യോഗസ്ഥരുടെ കൈക്കൂലി, കെടുകാര്യസ്ഥത, ജനദ്രോഹ നടപടികൾ പല തവണ വെളിച്ചത്ത് കൊണ്ടുവന്ന് നടപടി എടുപ്പിക്കാനായി. ജനകീയ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിന്നപ്പോൾ കളക്ടർ, പൊലീസ് മേധാവി അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനം നടത്തി. ഒപ്പം നല്ല കാര്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥരെ പ്രശംസിക്കാനും മടിച്ചില്ല. എല്ലാ തിങ്കളാഴ്ചയും'തിരുനക്കര ചുറ്റുവട്ടം ' കണ്ടില്ലെങ്കിൽ എന്തുകൊണ്ടെന്ന് ചോദിക്കുന്ന സ്ഥിതി ഉണ്ടാക്കാനായെന്നത് വായനക്കാർ സദ്ദുദ്ദേശത്തോടെയുള്ള വിമർശനം ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ്. നിരവധി അവാർഡുകളം കോളത്തെ തേടിയെത്തി. പുതിയ വിഷയം ചൂണ്ടിക്കാട്ടി പ്രോത്സാഹിച്ചവർക്കും വിമർശനം ചൊരിഞ്ഞവർക്കും ഒരായിരം നന്ദി...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL