
കോട്ടയം : പുഞ്ചക്കൃഷി ആരംഭവേളയിൽ യൂറിയക്ഷാമം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിൽ.
വളം കമ്പനികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതായാണ് ആക്ഷേപം. യൂറിയയ്ക്കൊപ്പം വിലക്കൂടുതലുള്ള
മൈക്രോ ന്യൂട്രിയന്റുകൾ കർഷകരെ അടിച്ചേൽപ്പിക്കുകയാണ്. എന്നിട്ടും പ്രശ്നത്തിൽ ഇടപെടാതെ കൃഷി വകുപ്പ് കാഴ്ചക്കാരുടെ റോളിലാണ്. 45 കിലോ തൂക്കം വരുന്ന ഒരു ചാക്ക് യൂറിയയ്ക്ക് 266.50 രൂപയാണ് നിലവിലെ വില. രണ്ട് ചാക്ക് യൂറിയ ആവശ്യപ്പെട്ട് വരുന്നവർക്ക് രണ്ടിരട്ടി വിലവരുന്ന 25 കിലോ തൂക്കം വരുന്ന മൈക്രോഫുഡുകൾ കൂടി വാങ്ങിയാലേ സഹകരണ സംഘങ്ങൾ യൂറിയ വിതരണം ചെയ്യൂ. മിക്ക സഹകരണ സംഘങ്ങൾക്കും യൂറിയ സ്റ്റോക്ക് ചെയ്യാനുളള ഗോഡൗൺ സംവിധാനം കുറവാണ്. ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ കൂട്ടുവളങ്ങൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനായി ഇവ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്.
വിളവ് കുറയുമെന്ന് ആശങ്ക
നെൽകൃഷി കൂടാതെ കൈത, കപ്പ, വാഴ, റബർ എന്നിവയ്ക്കാണ് യൂറിയ കൂടുതലായി ഉപയോഗിക്കുന്നത്. അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിയ്ക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. ഇത് കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25 കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്.
കടത്ത് വ്യാപകമെന്ന് ആക്ഷേപം
മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് യൂറിയ കടത്ത് വ്യാപകമാണ്. പെരുമ്പാവൂരിലേക്കാണ് കൂടുതലായി കൊണ്ടു പോകുന്നത്. എൻ.പി.കെ അടിസ്ഥാനത്തിലാണ് വളപ്രയോഗം നടത്തേണ്ടതെങ്കിലും യൂറിയ മാത്രം അമ്പത് ചാക്ക് വാങ്ങിയാണ് കടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ വളങ്ങൾ കൊണ്ടുവരുന്നത്.
''കർഷകർക്ക് ആവശ്യത്തിന് യൂറിയയും ഫാക്ടംഫോസും മറ്റു വളങ്ങളും സർക്കാർ നിഷ്‌ക്കർഷിക്കുന്ന വിലയിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
-നെൽകർഷക സംരക്ഷണ സമിതി
''യൂറിയ മാത്രമായി കമ്പനികൾ നൽകുന്നില്ല. യൂറിയയ്ക്കൊപ്പം മൈക്രോഫുഡ് വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘത്തിന് നഷ്ടമുണ്ടാകും.
-സഹകരണ സംഘം ഭരണസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |