SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

ശമനമില്ലാതെ ചൂട്, ഉരുകിയൊലിച്ച് ജനം

sun

കോട്ടയം : കൊടുംചൂടിൽ ജില്ല വെന്തുരുകയാണ്. താപനില 40 ലെത്തുമോയെന്നാണ് ആശങ്ക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24 ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിനായിരുന്നു. 36.5 ഡിഗ്രി സെൽഷ്യസ്. താപനില ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

മുൻപ് ഫെബ്രുവരി ആദ്യവാരത്തിൽ അനുഭവപ്പെടുന്ന ചൂടാണ് നേരത്തെ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് പകൽ താപനില സാധാരണയേക്കാളും ഉയരുന്നത്. രണ്ടാഴ്ച മുമ്പ് മഴ പെയ്തതിന് പിന്നാലെയാണ് ചൂടും ഉയർന്നത്.

സാധാരണയേക്കാൾ 2.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്.

സാധാരണ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടാറുള്ള പാലക്കാട്ടും, പുനലൂരും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്.

വാടരുതേ ആരോഗ്യം, ശ്രദ്ധിക്കാം

വേനൽ ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. തലവേദന, ചർമ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുകയാണ്. ശക്തമായ വെയിലുള്ളപ്പോൾ കഴിവതും പുറത്തിറങ്ങാതിരിക്കുക, സൺ സ്‌ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് ഗ്രീൻ ടീ ശീലമാക്കാം.

ഇവരുടെ കാര്യം കഷ്ടം

ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകളുടയും ,​ പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും കനത്തചൂടിൽ ശരീരം വിയർത്തൊലിക്കുകയാണ്. ഹോട്ടലുകൾക്ക് മുന്നിലെ സെക്യൂരിറ്റിമാർ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലെ ജീവനക്കാർ തുടങ്ങിയവരും വലയുകയാണ്.

 ആർദ്രത കൂടുതലായതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നു

 തീരദേശത്ത് നിന്ന് അകലയായതിനാൽ കാറ്റ് തീരെ കിട്ടുന്നില്ല

 കോൺക്രീറ്റ് കെട്ടിടങ്ങൾ നഗരത്തിൽ കൂടുതൽ ചൂടിന് കാരണം

''മഴ ശക്തമാകുംവരെ ഈ ചൂട് തുടരും. അന്തരീക്ഷത്തിലെ ഈർപ്പമാണ് ആർദ്രതയ്ക്ക് കാരണം.

ശാസ്ത്ര നിരീക്ഷകർ

ഈ വർഷവും അതികഠിനം:
ഈ വർഷവും ചൂട് വർദ്ധിക്കുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാ നിരീക്ഷകർ. കഴിഞ്ഞ വർഷം ജനുവരി ആദ്യം ഏതാനും ശക്തമായ മഴ പെയ്തതിനു പിന്നാലെയാണ് ചൂട് റെക്കോർഡ് കടന്നത്. ഇത്തവണയും സാങ്കേതികമായി ജനുവരിയിലെ മഴയുണ്ടായിരുന്നെങ്കിലും എല്ലായിടത്തും മഴ പെയ്തില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL