
കോട്ടയം : ഭാഷയും, ദേശവും തിരിച്ചറിയാതെ കുഴങ്ങിയ മുരളി ഒരുപറ്റം നല്ല മനസുകളുടെ സഹായത്താൽ തിരികെ നാട്ടിലെത്തി. മുട്ടം ശങ്കരപ്പള്ളി വീട്ടിൽ വെഞ്ചാമ്പുറത്ത് മുരളി (55) നെയാണ് തമിഴ്‌നാട്ടിലെ വിതുരനഗറിൽ നിന്ന് കണ്ടെത്തിയത്. മാനസികാസ്യസ്ഥ്യമുള്ള മുരളി 2024 മാർച്ച് 16 നാണ് കടുത്തുരുത്തി അറുനൂറ്റിമംഗലത്തെ വീട്ടിൽ നിന്ന് ബാങ്ക് പാസ് ബുക്കുമായി പോയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. കിസാൻ പദ്ധതിപ്രകാരം ബാങ്കിൽ നിന്ന് പണം ലഭിച്ചതിനെ തുടർന്ന് എവിടെ പോയാലും എസ്.ബി.ഐ പാസ് ബുക്ക് കൈയ്യിൽ കരുതും. മുൻപ് മൂന്ന് തവണ കാണാതായിരുന്നു. മാർച്ചിൽ വീണ്ടും കാണാതായതിനെ തുടർന്ന് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് വഴിത്തിരിവ്. ആറുവർഷം മുൻപാണ് മുട്ടത്ത് നിന്ന് കടുത്തുരുത്തിയിലേക്ക് താമസം മാറിയത്. ഭാര്യ ഷീജ വിദേശത്താണ്. മക്കളായ അക്ഷയ് എറണാകുളത്ത് ജോലി ചെയ്യുന്നു, അദ്വൈത് വിദ്യാർത്ഥിയാണ്.
കൊടുക്കാം രംഗരാജന് ബിഗ് സല്യൂട്ട്
ശനിയാഴ്ച രാവിലെ ആവിയൂർ പൊലീസ് സ്‌റ്റേഷനിലെ ജി.ആർ.ഐ പി.രംഗരാജനാണ് ഡ്യൂട്ടി കഴിഞ്ഞ് വരവെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മുരളിയെ കണ്ടെത്തിയത്. സാമൂഹ്യപ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രംഗരാജൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. താടിയും മുടിയും വെട്ടി വൃത്തിയാക്കി. കുളിപ്പിച്ച് വസ്ത്രം, ഭക്ഷണം എന്നിവ നൽകി. പാസ് ബുക്കിലെ വിവരങ്ങളിലൂടെ ഫോട്ടോ ഉൾപ്പെടെ മുട്ടം സ്റ്റേഷനിലേക്ക് കൈമാറി. തുടർന്ന് തിരുമംഗലത്ത് നിന്ന് തമിഴ്‌നാട് ആർ.ടി.സി ബസിൽ തേനിയിലേക്ക് ബസ് ടിക്കറ്റെടുത്ത് നൽകി. ഒപ്പം 500 രൂപയും. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വെള്ളൂർ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
അതിവേഗ ഇടപെടലുമായി സുമനും, രാംദാസും
വെള്ളൂർ സ്റ്റേഷനിൽ മുൻപുണ്ടായിരുന്ന സി.പി.ഒ സുമൻ പി.മണി രേഖാചിത്രം വരയ്ക്കുന്നയാളുടെ സഹായത്തോടെ മുരളിയെ തിരിച്ചറിഞ്ഞു. യാത്ര ചെയ്ത ബസിലെ കണ്ടക്ടറുമായി ബന്ധപ്പെട്ടു. തേനിയിൽ നിന്നെത്തിയ ബസിൽ മുരളിയെ മൂന്നാറിലേക്ക് കയറ്റിവിട്ടു. വെള്ളൂർ സ്‌റ്റേഷനിലെ എസ്.ഐ കെ.പി.രാംദാസിന്റെ നേതൃത്വത്തിൽ ശാന്തൻപാറ സ്റ്റേഷനിൽ ബന്ധപ്പെട്ട് കടുത്തുരുത്തി സ്‌റ്റേഷനിൽ മുരളിയെ എത്തിച്ചു. തുടർന്ന് കോട്ടയം കോടതിയിൽ ഹാജരാക്കി. ഭാര്യാമാതാവ് ലീലാ കുഞ്ഞുമോനൊപ്പം വിട്ടയച്ചു. തുടർ ചികിത്സയും ഉറപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |