SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ക്ഷീരമേഖല വാടിത്തളരുന്നു..... ചൂടിൽ കാലികളുടെ കാര്യം കഷ്ടത്തിൽ

kali

കോട്ടയം : കനത്ത ചൂടിൽ കന്നുകാലികൾക്കും വേണം കരുതൽ. വേണ്ടത്ര ശുദ്ധജലം ഉറപ്പാക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിർദ്ദേശം. ദിവസം 2 തവണ വെള്ളം നൽകുന്നത് മൂന്നു നേരമാക്കി ഉയർത്തണം. രാത്രി തൊഴുത്തിന് സമീപം കന്നുകാലികൾക്ക് എപ്പോൾ വേണമെങ്കിലും കുടിക്കാവുന്ന വിധത്തിൽ വെള്ളം കരുതി വയ്ക്കണം. 5 ടേബിൾ സ്പൂൺ അപ്പക്കാരത്തിന് പുറമെ കല്ലുപ്പും വെള്ളത്തിൽ കലർത്തി നൽകുന്നതു വേനൽക്കാല വയറിളക്കവും മറ്റും കുറയ്ക്കും. പകൽ ഉയർന്ന ചൂടുള്ള സമയത്തു കാലികളെ മേയാൻ വിടരുത്. വെയിലത്ത് കെട്ടിയിടരുത്. കഴിയുന്നതും മരത്തണലിലേക്കു മാറ്റിക്കെട്ടുന്നതാണു കൂടുതൽ ആരോഗ്യകരം. പശുക്കളെയും മറ്റും രാവിലെ കുളിപ്പിക്കുന്നതിന് പകരം ഉച്ചയ്ക്ക് കുളിപ്പിക്കുന്നതാണ് നല്ലത്. ശരീരം ഇടയ്ക്കിടെ വെള്ളമൊഴിച്ചു തണുപ്പിച്ച് നൽകുന്നതും നല്ലതാണ്. പശുക്കൾക്ക് ഉയർന്ന ശരീരോഷ്മാവ്, കിതപ്പ്, തീറ്റയോടുള്ള മടുപ്പ്, പാൽ ഉത്പാദനം കുറയൽ, വായിൽനിന്നും നുരയും പതയുമൊലിക്കൽ
മൂക്കിൽ നിന്നും നീരൊലിപ്പ്, നാക്ക് പുറത്തേക്കിട്ട് ചുഴറ്റൽ, വായ് തുറന്നു പിടിച്ചുള്ള ശ്വാസമെടുപ്പ്
ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, തറയിൽ കിടക്കാനുള്ള വിമുഖത എന്നിവ കണ്ടെത്തിയാൽ ചികിത്സ ഉറപ്പാക്കണം.

പൊന്നുപോലെ കാക്കാം

ചർമ്മമുഴ ബാധിച്ച പശുക്കൾക്ക് പ്രത്യേക കരുതൽ വേണം

തൊഴുത്തിന് മുകളിൽ പച്ച തെങ്ങിൻ പട്ട വിരിക്കാം

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം

വരണ്ട കാറ്റ് നേരിട്ടടിക്കുന്നത് തടയണം

നനഞ്ഞ ചാക്ക് പുറത്തിട്ടും കെട്ടിത്തൂക്കിയും ചൂട് ശമിപ്പിക്കാം

താപനില ഉയരുന്നു, പാൽ കുറയുന്നു

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ട് ഡിഗ്രി മുതൽ മൂന്നു വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുരുങ്ങിയ ദിവസം കൊണ്ട് പാൽ ഉത്പാദനത്തിൽ വൻകുറവാണ് അനുഭവപ്പെട്ടത്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാനാകാത്തതുമാണ് പശുക്കളിൽ പാൽ കുറയാൻ കാരണം. ഒപ്പം പശുക്കൾക്ക് സൂര്യാഘാതവും ഏൽക്കാനുള്ള സാദ്ധ്യതയേറെയാണ്. മുൻവർഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്.

കർഷകർക്ക് വെല്ലുവിളികൾ ഏറെ
വെള്ളത്തിനും തീറ്റപ്പുല്ലിനുമുള്ള ക്ഷാമം
സങ്കരയിനം പശുക്കളിൽ പാലുത്പാദനം കുറയൽ
തലപൊക്കിത്തുടങ്ങിയ കാലികളിലെ രോഗങ്ങൾ
കുത്തിവച്ചാൽ ഗർഭധാരണം നടക്കാൻ സാദ്ധ്യത കുറവ്

''ചൂട് സഹിക്കാനാവാതെ കറവപ്പശുക്കൾ തളർന്ന് വീഴുന്ന സംഭവങ്ങളും വർദ്ധിച്ചു. പച്ചപ്പുല്ലിനടക്കം ക്ഷാമം നേരിടുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

രാജപ്പൻ, ക്ഷീരകർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL