
കോട്ടയം : ഇടവേളയ്ക്കുശേഷം എം.സി റോഡ് വീണ്ടും ചോരക്കളമാകുന്നു. രണ്ടു ദിവസത്തിനിടെ കുറവിലങ്ങാട് കാളികാവിലും, തെള്ളകത്തും ഉണ്ടായ അപകടങ്ങളിൽ രണ്ടു വീടുകളിലാണ് വെളിച്ചം കെട്ടത്. മരിച്ച രണ്ടുപേരും 28 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു. ഇതിൽ ഒരാളുടെ ജീവനാകട്ടെ വിവാഹത്തലേന്നാണ് പൊലിഞ്ഞത്. ഇത് ദു:ഖത്തിന്റെ തീവ്രത കൂട്ടുന്നു. രണ്ടുപേർ ഗുരുതര പരിക്കുകളോടെ ജീവന് വേണ്ടി മല്ലിടുകയാണ്. ബുധനാഴ്ച രാത്രിയാണ് കാളികാവിൽ ട്രാവലറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ (21) മരിച്ചത്. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്നലെ രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയിൽ നിശ്ചയിച്ചതായിരുന്നു. തെള്ളകത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് രണ്ടുവാഹനങ്ങളിലിടിച്ച് തൊടുപുഴ വഴിത്തല സ്വദേശി അരുൺ മാത്യു (26) ആണ് മരിച്ചത്. കഴിഞ്ഞ വർഷം 225 പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. ഏറ്റവും കൂടുതൽ അപകടം നടന്നത് എം.സി.റോഡിലാണ്. ലഹരി ഉപയോഗിച്ച് അമിത വേഗമുണ്ടാക്കിയ അപകടം മുതൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചുണ്ടായ അപകടം വരെയുണ്ട്. നിയമലംഘനം പിടിക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല.
അപകട മുനമ്പ് : 5 വർഷം മുൻപ് പൊലിഞ്ഞത് 5 പേർ
അഞ്ച് വർഷം മുൻപ് കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് പൊലിഞ്ഞത് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് ജീവനുകളാണ്. 2020 ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് സംഭവം. തിരുവാതുക്കൽ വേളൂർ ഉള്ളാട്ടിൽപാദി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. രാത്രികാലങ്ങളിൽ എം.സി റോഡിൽ തിരക്ക് കുറവായതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് പോകുന്നത്. ഇതാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്.
കാരണങ്ങൾ പലത്
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഉപയോഗം
വിശ്രമമില്ലാത്തത് മൂലം ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത്
വഴിവിളക്ക്, സൈൻബോർഡുകളുടെ അഭാവം
ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
പഠനം നടത്തി, റിപ്പോർട്ട് പരണത്ത്
എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി എങ്ങുമെത്തിയില്ല. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. പക്ഷേ, സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതാണ്.
''റോഡ് നവീകരിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനവും ഒരുക്കാൻ തയ്യാറാകണം. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഭീതിയോടെയാണ് കാൽനടയാത്രക്കാർ അടക്കം കടന്നുപോകുന്നത്. എം.സി റോഡിൽ അപകടങ്ങളില്ലാത്ത ദിവസങ്ങൾ കുറവാണ്.
രാജു, കാളികാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |