
കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ 25 കോടി വകയിരുത്തിയതോടെ 11 വർഷമായി ഇഴഞ്ഞു നീങ്ങിയ സ്വപ്ന പദ്ധതിയായ സയൻസ് സിറ്റി പൂർത്തീകരണത്തിലേക്ക്. മെട്രോപ്പൊളീറ്റൻ നഗരങ്ങൾക്ക് മാത്രം സ്വന്തമായ സയൻസ് സിറ്റി യാഥാർത്ഥ്യമാകുന്നതോടെ കുറവിലങ്ങാട് ഗ്രാമം ദക്ഷിണേന്ത്യയിലെ ശാസ്ത്ര തലസ്ഥാനമാകും. 2014ൽ ജോസ് കെ.മാണി കോട്ടയം എം.പിയായിരുന്ന കാലത്ത് കുറവിലങ്ങാടിന് സമീപം കോഴായി 30 ഏക്കറിൽ 100 കോടി രൂപ മുതൽ മുടക്കിയായിരുന്നു സയൻസ് സിറ്റിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടമായി സയൻസ് സെന്ററിന്റെ നിർമ്മാണം കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ ആരംഭിച്ചു. ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിംഗ് ടെക്‌നോളജി എന്നീ ശാസ്ത്ര ഗ്യാലറികളും ത്രിമാന തിയേറ്ററും വിവിധ വർക്ക്‌ഷോപ്പുകളും, ഓഡിറ്റോറിയവും, ദിനോസർ പാർക്കുമായിരുന്നു പ്രത്യേകത. ഒപ്പം ത്രിമാന പ്ലാനറ്റേറിയവും, ബഹിരാകാശ ശാസ്ത്ര ഗ്യാലറിയും ഉൾക്കൊള്ളുന്ന സ്‌പേസ് തിയേറ്റർ, മോഷൻ സിമുലേറ്റർ, ആംഫി തിയേറ്റർ വിസിറ്റേഴ്‌സ് ഗ്യാലറി തുടങ്ങിയവയും ആദ്യഘട്ടമായി പൂർത്തിയായി. എന്നാൽ പിന്നീട് നിർമ്മാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
സബ് സ്റ്റേഷൻ ചാർജ് ചെയ്യുന്നതിനുള്ള പ്രവർത്തനം നിലച്ചു. ലക്ഷക്കണക്കിനു രൂപ മുടക്കി വാങ്ങിയ ജനറേറ്റർ തുരുമ്പുപിടിച്ചു നാശത്തിന്റെ വക്കിലാണ്. സബ് സ്റ്റേഷൻ പ്രവർത്തിക്കാത്തതിനാൽ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി എത്തുകയാണ്. ഇതു പല യന്ത്രങ്ങൾക്കും തകരാർ ഉണ്ടാക്കുന്നു. കമ്പ്യൂട്ടറുകൾ പലതും പ്രവർത്തിക്കുന്നില്ല. പലതും അപ്‌ഡേഷൻ ആവശ്യമുള്ളവയാണ്.
ഗവേഷണ സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ
ഗവേഷണ സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ഉറപ്പാക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. ഇതിനുള്ള ഇൻകുബേഷൻ സെന്ററുകൾ പൂർത്തിയാക്കി. നിരവധി തൊഴിൽ സാദ്ധ്യതകളാണ് സയൻസ് സിറ്റി തുറന്നുനൽകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശാസ്ത്രവിദ്യാർത്ഥികളും വിദഗ്ദ്ധരും പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാറുകളും ശാസ്ത്രപ്രതിഭ സംഗമങ്ങൾക്കും വേദിയാകും. നിരവധിയാളുകൾ ശാസ്ത്രനഗരി സന്ദർശിക്കാൻ എത്തുന്നതോടെ കോട്ടയത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകും.
''കേന്ദ്ര സർക്കാരിനു പുറമേ സംസ്ഥാന സർക്കാരും സയൻസ് സിറ്റിയുടെ പൂർത്തീകരണത്തിന് സാമ്പത്തിക സഹായം നൽകി. മുഖ്യമന്ത്രി പിണറായി വിജയനെയും, ധനമന്ത്രി, ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി എന്നിവരെയും സയൻസ് സിറ്റിയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും 25 കോടി അനുവദിച്ചത്. എല്ലാ ജോലികളും പൂർത്തിയാക്കി ഈ വർഷാവസാനം തുറക്കാനാവുമെന്നാണ് പ്രതീക്ഷ .
-ജോസ് കെ മാണി എം.പി
40,000 ചതുരശ്ര അടി വിസ്തീർണം
പൂർത്തീകരിച്ചത്
സയൻസ് സെന്റർ
മോഷൻ സിമുലേറ്റർ കെട്ടിടം
ആംഫി തിയറ്റർ
എൻട്രൻസ് പ്ലാസ കെട്ടിടം
പ്രവേശന കവാടങ്ങൾ
ഫുഡ് കോർട്ട് കെട്ടിടം
കൂറ്റൻ ജലസംഭരണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |