
കോട്ടയം : തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷമായി കർഷകർ നട്ടം ചുറ്റുമ്പോഴും കാഴ്ചക്കാരുടെ റോളിൽ കൃഷി വകുപ്പ്. തെങ്ങിൻ തൈകൾ കായ്ഫലമാകുന്ന പാകമാകുമ്പോഴേയ്ക്കും ശല്യം തുടരും. സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചുവടുവശത്തും വ്യാപകമായി. പ്രത്യക്ഷത്തിൽ കാണാൻ കർഷകർക്ക് സാധിക്കുന്നുമില്ല. ആർപ്പൂക്കര, പാമ്പാടി, കൂരോപ്പട, കറുകച്ചാൽ, മണിമല, പള്ളിക്കത്തോട്, വൈക്കം വെച്ചൂർ, കുമരകം എന്നിവിടങ്ങളിലാണ് കൂടുതലായി തെങ്ങ് കൃഷിയുള്ളത്. വിലയിടിവിനെ തുടർന്ന് നിരവധി റബർ കർഷകരാണ് തെങ്ങിൻ കൃഷിയിലേക്ക് മാറിയത്. മൂന്ന് വർഷം കൊണ്ട് കായ്ഫലം ഉണ്ടാകുന്നതിനാണ് ഡിമാൻഡേറെ. സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. എന്നാൽ ഇവയിലാണ് ശല്യം രൂക്ഷം.
മരുന്നുകൾ പ്രയോഗിച്ചിട്ടും ഫലമില്ല
ചെല്ലിശല്യം മാറുന്നതിനായി നിരവധി മരുന്നുകൾ കർഷകർ പ്രയോഗിക്കുന്നതല്ലാതെ ഫലമില്ല. ചുരുങ്ങിയ ദിവസം കൊണ്ടു ഏക്കറുകണക്കിനു വിസ്തൃതിയുള്ള തോട്ടങ്ങളിലെ തെങ്ങുകളെല്ലാം ആക്രമണത്തിന് ഇരയാകുകയാണ്. തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നതല്ലാതെ അവയുടെ പരിപാലനത്തിനായി കൃഷിവകുപ്പ് ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പുതിയതായി തെങ്ങ് കൃഷിയിലേക്ക് ഇറങ്ങിയവരിൽ ഭൂരിഭാഗം കർഷകരും ചെല്ലിശല്യം മൂലം പരാജയത്തിന്റെ വക്കിലാണ്. ഫിറമോൺ കെണിവെച്ച് ചെല്ലികളെ കെണിയിലേക്ക് ആകർഷിച്ച് നശിപ്പിക്കുന്നതോ മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളിൽ വെട്ടിയിട്ട് കത്തിച്ചുനശിപ്പിക്കുയോയാണ് ഇവയെ തുരത്താനുള്ള ഏകമാർഗം.
ഒരു തെങ്ങിൻതൈ നടുന്നതിന് ചെലവ് : 1000
''ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയർന്നവില കർഷകരെ കടക്കെണിയിലാക്കുന്നു. ചെല്ലിശല്യം മൂലം തെങ്ങ് നഷ്ടപ്പെട്ട കർഷകർക്ക് പുതിയ തെങ്ങിൻ തൈകൾ നൽകുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.
(എബി ഐപ്പ്, കർഷക കോൺഗ്രസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |