
കോട്ടയം:ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കുമാരനല്ലൂർ വാരിശ്ശേരി സുരേഷ് ഷേണായി (37) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം എം.സി റോഡിൽ നാഗമ്പടം പാലത്തിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജീസൺ ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്കിനെ എതിർദിശയിൽ നിന്നും ഓട്ടോറിക്ഷ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിന്റെ അടിയിലേയ്ക്ക് വീണു. ബസിനടിയിൽ അകപ്പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ചു. ബസിന്റെ മുന്നിലായി പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരന്റെ കാലിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നെന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധിച്ചു. അപകടത്തെതുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |