കോട്ടയം : ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും, കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്‌ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. മുൻവർഷങ്ങളിലും തേനീച്ചയുടെയും, കടന്നലുകളുടെയും ആക്രമണത്തിൽ പരിക്കേൽക്കുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമാണ്. കറുകച്ചാൽ, നെടുംകുന്നം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാമ്പാടി, ഏന്തയാർ പ്രദേശങ്ങളിൽ വലിയ കെട്ടിടങ്ങളിലും മരങ്ങളിലും പാലങ്ങളുടെ അടിയിലുമായി ഇവ കൂട്ടമായി കൂടുകൂട്ടിയിരിക്കുകയാണ്. നിനച്ചിരിക്കാത്ത നേരത്താണ് ഇവയുടെ ആക്രമണം. ശാന്തരായി കഴിയുന്ന ഇവയെ പലപ്പോഴും പരുന്ത്, കാക്കകൾ തുടങ്ങിയവ ശല്യം ചെയ്യമ്പോഴാണ് ആക്രമണകാരികളാകുന്നത്. ദേഷ്യം മുഴുവൻ സമീപത്ത് കാണുന്ന മനുഷ്യരോടും മൃഗങ്ങളോടുമാണ് തീർക്കുക.
ആശ്രയം സ്വകാര്യ പരിശീലകർ
അപകടകാരികളായ തേനീച്ചകളുടെയും കടന്നലുകളുടെയും ശല്യം ശ്രദ്ധയിൽപ്പെട്ട് നിരവധിപ്പേർ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടുവരണം. കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം.
രക്ഷപ്പെടൽ പ്രയാസം
ശ്രദ്ധ തിരിച്ച് ഇരകളെ രക്ഷപ്പെടുത്താാൻ ബുദ്ധിമുട്ട്
വെള്ളത്തിൽ മുങ്ങിക്കിടക്കുക മാത്രം ഏക പോംവഴി
നൂറ് കണക്കിന് കടന്നലുകളുടെ ഒരേ സമയമുള്ള ആക്രമണം
നഷ്ടപരിഹാരം 10 ലക്ഷം വരെ
കടന്നൽ, തേനീച്ച കുത്തേറ്റ് വനത്തിനുള്ളിൽ മരിച്ചാൽ 10 ലക്ഷം രൂപയും പുറത്താണെങ്കിൽ രണ്ടുലക്ഷവും നഷ്ട പരിഹാരം ലഭിക്കും.
''പരിശീലനമുള്ള സ്വകാര്യ ട്രെയിനർമാരെ ആശ്രയിക്കണം. വനംവകുപ്പിന്റെ കീഴിൽ തേനീച്ചകളെ പിടിയ്ക്കാൻ പരിശീലനം നൽകുന്നില്ല.
-(വനം വകുപ്പ് ഉദ്യോഗസ്ഥർ)
ഇല്ലിക്കൽക്കല്ലിൽ പെരുന്തേനീച്ച ആക്രമണം : 15 സഞ്ചാരികൾക്ക് പരിക്ക്
ഇല്ലിക്കൽകല്ലിലെത്തിയ 15 വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ജെറിൻ എബ്രാഹം വിഴിക്കത്തോട്, എയ്ഞ്ചൽ കുറുപ്പന്തറ, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല, ഐസക് കോട്ടയം എന്നിവർക്കാണ് കുത്തേറ്റത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ഇളകാൻ കാരണം. കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |