
കോട്ടയം : സ്‌മോക്ക് പാർട്ടി, കല്ലടിക്കൽ, പുല്ലുവലിക്കൽ... ലഹരി ഉപയോഗത്തിന് ഹോസ്റ്റലുകളിലെ വട്ടപ്പേരുകളാണിതെല്ലാം. വിവരങ്ങളുണ്ടെങ്കിലും പക്ഷേ, പൊലീസിനും എക്സൈസിനും ഒന്നും ചെയ്യാനാവുന്നില്ല. ക്യാമ്പസുകളിൽ നിന്ന് ലഹരിയകറ്റാൻ ഹോസ്റ്റലുകളിൽ കൂടി പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഗവർണറുടെ ഇടപെടലുകളെ സ്വാഗതം ചെയ്യുകയാണ് അധികൃതർ. ക്യാമ്പസിലെത്തുന്ന ലഹരിയുടെ പ്രധാന പങ്ക് ഹോസ്റ്റലുകൾ വഴിയാണെന്നാണ് കണ്ടെത്തൽ. ലഹരിയെത്തിക്കാൻ പ്രത്യേക ആളുകളുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും കതകടച്ച് മുറിക്കുള്ളിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. വാർഡനടക്കമുള്ളവരെ വരുതിക്ക് നിറുത്താനുള്ള രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഏറെപ്പേരും. എം.ജിയിലടക്കമുള്ള ഹോസ്റ്റലുകളിൽ പഠനം കഴിഞ്ഞ് വർഷങ്ങളായവരും താമസിക്കുന്നുണ്ട്. കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികളുടെ ലഹരി ഉപയോഗിത്തിന് രാഷ്ട്രീയ സ്വാധീനമാണ് തണലായത്.
പരിശോധനയ്ക്ക് നൂലാമാലകളേറെ
കോളേജ് ഹോസ്റ്റലുകളിൽ ലഹരി ഉപയോഗം സംബന്ധിച്ച് രഹസ്യവിവരങ്ങളുണ്ടെങ്കിലും പരിശോധന നടത്താനുള്ള തടസമാണ് പൊലീസും എക്‌സൈസും ചൂണ്ടിക്കാട്ടുന്നത്. വിവരംകിട്ടായാൽ അധികൃതരെ അറിയിക്കണം. പരിശോധനയ്ക്ക് അനുവാദം വാങ്ങണം. ഇതിനിടെ വിവരം ചോർന്ന് സാധനം ഒളിപ്പിക്കും. കോളേജുകളുടെ സൽപ്പേരിനെ ബാധിക്കുമെന്നതിനാൽ പരിശോധനയെ കോളേജ് അധികൃതരും എതിർക്കുകയാണ്. ലഹരി ഉപയോഗം എതിർത്താൽ വിദ്യാർത്ഥികൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന പേടി ജീവനക്കാരും പങ്കുവയ്ക്കുന്നു.
പ്രിയം രാസലഹരിയോട്
മദ്യംകയറ്റാനും ഉപയോഗിക്കാനുമുള്ള പരിമിതി
കഞ്ചാവ് വലിച്ചാൽ പുകയും മണവും ഉയരും
രാസലഹരി നഖമുനയിൽ വരെ ഒളിപ്പിക്കാം
രാസലഹരി ഉപയോഗിക്കാനും എളുപ്പം
കൂടുതൽ നേരം ഉന്മാദത്തിലാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |