
കറുകച്ചാൽ : വേനൽച്ചൂട് കടുക്കുകയാണ്. മൃഗപരിപാലനവും ഏറെ പ്രതിസന്ധിയോടെയാണ് കടന്നുപോകുന്നത്. അരുമകളെ പൊന്നുപോലെ കാക്കണമെന്ന് അധികൃതർ പറയുമ്പോഴും വെറ്ററിനറി ആശുപത്രിയിൽ ഡോക്ടറുടെ സേവനം പോലുമില്ല. നെടുംകുന്നം മേഖലയിലെ ക്ഷീരകർഷകരാണ് ഇതോടെ ദുരിതത്തിലായത്. നിരവധിപ്പേരാണ് ഇവിടെ പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. മാസങ്ങളായി നെടുംകുന്നത്തെ ഡോക്ടർ അവധിയിലായതിനാൽ സമീപത്തെ ആപത്രിയിലെ ഡോക്ടർമാർക്കാണ് താത്കാലിക ചുമതല. എത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ പോലും മാർഗമില്ല. പശുക്കളുടെ പ്രസവം എടുക്കുന്നത് വരെ ബുദ്ധിമുട്ടലായിരിക്കുകയാണ്. പ്രസവം എടുക്കാൻ
രാത്രികാലങ്ങളിലും മറ്റും സമീപ പഞ്ചായത്തുകളിൽ നിന്ന് പരിചയ സമ്പന്നരായ ആളുകളെത്തണം. 2500 രൂപയാണ് ചെലവ്. പാൽ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കർഷകർ കടന്നുപോകുന്നത്.
ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നീളുന്നു
ഉൾപ്രദേശത്താണ് നിലവിൽ ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ എത്തിപ്പെടാൻ പ്രയാസമാണ്. നെടുംകുന്നം കവല കേന്ദ്രീകരിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് മൃഗാശുപത്രി മാറ്റണമെന്നാണ് ആവശ്യം. നിലവിൽ ആറാം വാർഡിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ മൃഗാശുപത്രി പണിയാൻ പഞ്ചായത്ത് സ്ഥലവും കെട്ടിടം പണിയാനായി മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം രൂപയും അനുവദിച്ചിട്ട് നാളുകളായി. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങളാൽ കെട്ടിടം നിർമ്മാണം നീളുകയാണ്.
''താത്കാലിക മായി മറ്റൊരു ഡോക്ടറുടെ സേവനം ആശുപത്രിയിൽ ഉറപ്പ് വരുത്തണം.
(ക്ഷീര കർഷകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |