
തൊടുപുഴ : പുല്ലാങ്കുഴൽ പഠിക്കാൻ തീവ്രമായി ആഗ്രഹിച്ച ആ നാലാംക്ലാസുകാരൻ പി.വി.സി പൈപ്പിൽ പഠനം തുടങ്ങിയപ്പോൾ ഗുരുനാഥൻ ശാസിച്ച് പുതിയൊരു പുല്ലാങ്കുഴൽ വാങ്ങി നൽകി. പിന്നീട് ആരുടെയും സഹായമില്ലാതെ അനൂപ് ആന്റണി സുഷിരവാദ്യം പഠിച്ചെടുത്തു. ഗുരുനാഥനായ മാർട്ടിൻ മനയാനിക്കൽ എറണാകുളത്ത് നിന്നാണ് കണ്ണൂരിലേക്ക് ഈ വാദ്യോപകരണം എത്തിച്ചുകൊടുത്തത്. പുല്ലാങ്കുഴലൊഴികെ ബാക്കിയെല്ലാ കലകളും ഗുരുവിൽ നിന്നാണ് അനൂപ് പഠിച്ചെടുത്തത്. വർഷങ്ങളായി കലാരംഗത്തുള്ള അനൂപിന് ഡ്രംസും, സാക്‌സോ ഫോണുമെല്ലാം വശമാണ്. എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ മ്യൂസിക് ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. എങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. എങ്കിലും വേദിയിൽ സംഗീതമഴ പെയ്യിച്ച് പുല്ലാങ്കുഴൽ നാദം ഒഴുകിപ്പടർന്നു. അലിവേകുന്നുവെന്ന ഭക്തിഗാന ആൽബത്തിനു വരികൾ എഴുതി, സംഗീതം നൽകി പുറത്തിറക്കിയിട്ടുണ്ട് അനൂപ്. പുതിയതായി ഇറക്കുന്ന അഴൽ എന്ന ആൽബത്തിന്റെ മിനുക്ക് പണിയിലാണിപ്പോൾ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഗാനമേളയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |