
തൊടുപുഴ: പിച്ചവച്ചുനടന്ന പ്രായത്തിൽ കളിപ്പാവയെന്നുകരുതി ഡ്രംസിൽ തട്ടിനോക്കിയതാണ് ആരോമൽ, അവനിലെ അസാധാരണ പ്രതിഭയെ അന്നേ അച്ഛൻ കണ്ടെത്തി. പിന്നെ അച്ഛൻ ഗുരുവായി ഡ്രംസിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തു. കാലം പിന്നിട്ടപ്പോൾ അപൂർവ സിദ്ധിയുള്ള പ്രതിഭയാണെന്ന് താനെന്ന് ആരോമൽ വിജയ് തെളിയിച്ചു. ഇന്നലെ താളവാദ്യം( വെസ്റ്റേൺ) മത്സരം വേദിയിൽ ആരോമൽ വിജയ് പങ്കെടുക്കുന്നുവെന്നറിഞ്ഞ് എത്രയാളുകളാണ് കാണാനെത്തിയത്. വന്നവരെ ആരെയും നിരാശപ്പെടുത്താതെ ഡ്രംസിൽ ആരോമൽ വിജയ് ശബ്ദമാന്ത്രികത സൃഷ്ടിച്ചു. മാന്ത്രിക ദണ്ഡുകൾ പിടിച്ച ഇരുകൈകളെക്കൂടാതെ ഇരുകാലുകളാലും വേഗത്തിൽ കൊട്ടിയുണർത്തിയത് വേറിട്ടൊരു താളമാണ്. വെസ്റ്റേൺ സംഗീതത്തെ ഹൃദയത്തിൽ ചേർത്തവരും ആവേശത്തിലാറാടി. 'വോ....വോ..' വിളികളോടെ പ്രോത്സാഹനമേകി. കൊട്ടിനിറുത്തിയ ആരോമൽ വിജയ് കൈകൾ മുകളിലേക്കുയർത്തി, പിന്നെ അവസാനമൊന്നുകൂടി കൊട്ടിയപ്പോഴേക്കും 'പൊളിച്ചു മുത്തേ'യെന്ന് സദസിന്റെ കമന്റ്. മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. എറണാകുളം ഗവ. ലാ കോളേജിലെ രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ആരോമൽ. തൊടുപുഴയിൽ മുൻപ് എം.ജി കലോത്സവമെത്തിയപ്പോഴും ആരോമലിനായിരുന്നു ഒന്നാം സമ്മാനം. അതിന് മുൻപ് പത്തനംതിട്ടയിൽ രണ്ടാം സമ്മാനം.
ബാന്റ് ടീമുകളിലെ മിന്നൽപ്രതിഭ
എറണാകുളത്തെ തെക്കിനി, ചേർത്തലയിലെ മല്ലാരി, കോട്ടയത്തെ ഡി.ബി.കോർട്ട് ബാന്റ് ടീമുകളിലെ അംഗമാണ് ആരോമൽ. മിന്നൽപ്രതിഭയെന്നാണ് വിശേഷിപ്പിക്കാറ്. രണ്ട് മാസം മുൻപ് കുവൈറ്റിൽ മലയാളി അസോസിയേഷനായി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. കർണാടിക് സംഗീതവും കൂടി മിക്സ് ചെയ്ത പ്രകടനങ്ങൾ ഹിറ്റാണ്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഡ്രംസിൽ ഏറ്റവും ഉയർന്ന എയ്റ്റ് ഗ്രേഡ് സ്വന്തമാക്കിയിട്ടുള്ള അമൽ തകിലും നന്നായി വായിക്കും.വൈക്കം തോട്ടുചിറയിൽ ടി.എൻ.വിജയകുമാറിന്റെയും , രത്നമ്മയുടെയും മകനാണ്. വിജയകുമാർ ഗായിക ചിത്രയ്ക്കൊപ്പമുൾപ്പടെ ഡ്രംസ് വായിച്ചിട്ടുണ്ട്. ഇപ്പോൾ വയലിനിൽ മാന്ത്രികത കാട്ടുന്ന ഗംഗ ശശിധരനൊപ്പവും പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |