SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

തണ്ണീർമുക്കം ബണ്ട് തുറന്നില്ല... വേമ്പനാട്ടുകായലും തോടും വിഷലിപ്തം

ss

കോട്ടയം : രണ്ടാം കൃഷിയുടെ കൊയ്‌ത്ത് പൂർത്തിയാക്കാൻ വൈകിയതോടെ തണ്ണീർമുക്കം ബണ്ട് തുറക്കൽ നീളുന്നു. ഇതോടെ വേമ്പനാട്ടുകായലിലെയും സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. കാർഷിക കലണ്ടർ അനുസരിച്ച് മാർച്ച് 15 നാണ് ബണ്ട് തുറക്കേണ്ടത്. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കും. വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. വെള്ളത്തിൽ ഓക്‌സിജന്റെ അളവും കുറഞ്ഞു. ഷട്ടർ തുറക്കാൻ വൈകുന്നത് അവധിക്കാല സീസൺ പ്രതീക്ഷിക്കുന്ന ഹൗസ് ബോട്ട് മേഖലയ്ക്കും തിരിച്ചടിയാകും. ആലപ്പുഴ കോട്ടയം കളക്ടർമാരും ജലസേചനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കൃഷി , മത്സ്യമേഖലയിലെ സംഘടനാ നേതാക്കളുമടങ്ങുന്ന സമിതിയാണ് ബണ്ട് തുറക്കുന്ന തീയതി തീരുമാനിക്കുക.

ബണ്ട് തുറക്കുന്നത് ഇനിയും വൈകിയാൽ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.

ഇനിയും കൊയ്യാനുണ്ട് 40 ശതമാനം

അപ്പർ കുട്ടനാട്ടിൽവരുന്ന കോട്ടയം ഭാഗത്ത് 40 ശതമാനം കൊയ്‌ത്ത് പൂർത്തിയാകാനുണ്ട്. വിത വൈകിയതും കാരണമാണ്. ചില പാടങ്ങളിൽ ആദ്യം വിതച്ച വിത്തു മുളയ്ക്കാതെ വന്നതിനാൽ വീണ്ടും നിലമൊരുക്കി വിത്തുവിതയ്ക്കുകയായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ തകരാറിലായത് പമ്പിംഗിനെ ബാധിച്ചതോടെ പല പാടങ്ങളിലും വെള്ളം വറ്റാതെ കൊയ്‌ത്ത് യന്ത്രം ഇറക്കാനാകുന്നില്ല. സ്വകാര്യ മില്ലുകളുടെ പിടിവാശിയിൽ നെല്ല് സംഭരണവും വൈകി. ഈ മാസം കൊയ്‌ത്ത് പൂർത്തിയാകുമോ എന്ന് ഉറപ്പില്ല.

തുറന്നാലും പ്രശ്‌നങ്ങളേറെ

മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് ബണ്ട് തുറന്നാൽ ഉപ്പുവെള്ളം ഒഴുകിയെത്തും .കൊയ്യാറായ നെല്ല് നശിക്കും. ഷട്ടറിനടിയിൽ വലിയ കല്ലുകൾവച്ച് മീൻ പിടിക്കുന്നത് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിന് കാരണമാകുമെന്ന ആരോപണം കർഷക സമിതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും മത്സ്യതൊഴിലാളികൾ നിഷേധിച്ചു.

90 ഷട്ടറുകൾ

4 ലോക്കുകൾ

''ബണ്ട് അടച്ചിട്ട് മൂന്നര മാസം കഴിഞ്ഞു. ഒഴുക്കില്ലാത്തതും പായൽ നിറഞ്ഞു കിടക്കുന്നതും മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടാക്കി. ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും അടിയന്തരമായി തുറക്കണം.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL