SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

സത്യഗ്രഹഭൂമിയിൽ രണ്ടാം നവോത്ഥാന സമരത്തിന് ഇന്ന് കാഹളം മുഴങ്ങും

vaikm

വൈക്കം : വൈക്കം സത്യഗ്രഹത്തിന്റെ മണ്ണിൽ രണ്ടാം നവോത്ഥാന സമരത്തിന് ഇന്ന് തുടക്കം കുറിക്കുമെന്ന് സമുദായ സംഘടനകൾ. ഇതിന്റെ ഭാഗമായി സംയുക്ത നവോത്ഥാന സമിതിക്ക് രൂപം നൽകി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് നാല് ഗോപുരനടകളിലും ഇന്ന് കൊടികൾ ഉയരും.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ രാജ്യത്താദ്യമായി നടന്ന സംഘടിത സഹനസമരമായ വൈക്കം സത്യഗ്രഹത്തിന് നൂറ് വയസ് തികയുമ്പോഴും അതിന് വേദിയായ ക്ഷേത്രത്തിൽ ജാതിവിവേചനപരമായ ആചാരങ്ങൾ തുടരുകയാണ്. ക്ഷേത്രത്തിലെ ആഘോഷവേളകളിലെല്ലാം ഒരു പ്രത്യേക സമുദായം നിയമപരമായ അവകാശങ്ങൾ ഇല്ലാതിരുന്നിട്ടും ക്ഷേത്ര കാര്യങ്ങളിലെ മേൽക്കോയ്മ വ്യക്തമാക്കുന്ന തരത്തിൽ ക്ഷേത്ര ഗോപുരനടകളിൽ കൊടിമരം സ്ഥാപിക്കുകയാണ്. ഇനിയും ഇത്തരം ജാതിമേൽക്കോയ്മകൾ തുടരാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഇതര സമുദായ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് സാമൂഹിക സമത്വം എന്ന ലക്ഷ്യത്തിനായി മറ്റെല്ലാ സമുദായങ്ങളുടേയും കൊടികൾ ഉയർത്തുന്നതെന്ന് വിവിധ സമുദായ സംഘടനാ നേതാക്കൾ അറിയിച്ചു. കെ.പി.എം.എസ് പുന്നല, ടി.വി.ബാബു വിഭാഗങ്ങൾ, പട്ടാര്യ സമാജം, കെ.വി.എം.എസ്, ധീവരസഭ, വണികവൈശ്യസംഘം, കുടുംബി സമുദായം, എസ്.എൻ.ഡി.പി യോഗം എന്നിവരാണ് നവോത്ഥാന സമിതിയിലുള്ളത്. അഷ്ടമിക്ക് ജാതി വേർതിരിവില്ലാതെ ദേശ താലപ്പൊലികൾ സംഘടിപ്പിക്കുന്നതിന് സമിതി നേതൃത്വം നൽകും. ഇതിനായി എല്ലാ ഹൈന്ദവ വിഭാഗങ്ങൾക്കും തുല്യപങ്കാളിത്തമുള്ള മേഖലാ കമ്മിറ്റികൾ രൂപീകരിക്കുമെന്നും സമിതി ചെയർമാൻ എം.പി.സെന്നും, കൺവീനർ ശിവദാസ് നാരായണനും പറഞ്ഞു. സംയുക്ത കൊടിമര ഘോഷയാത്ര ഇന്ന് വൈകിട്ട് 5 ന് ബോട്ട് ജെട്ടി മൈതാനിയിൽ നിന്ന് ആരംഭിക്കും. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും തുടർന്ന് മറ്റ് ഗോപുരനടകളിലും കൊടിമരങ്ങൾ സ്ഥാപിക്കും.

എൻ.എസ്.എസ് കൊടിമരം സ്ഥാപിച്ചു
വടക്കുപുറത്തുപാട്ടിനോടനുബന്ധിച്ച് എൻ.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിന്റെ നാല് നടകളിലും കൊടിമരങ്ങൾ സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് കൊടിമരങ്ങൾ എത്തിച്ചത്. തുടർന്ന് കൊടി ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL