
കോട്ടയം: ഇനി ഞങ്ങളെന്ത് ചെയ്യും. നെല്ലിന്റെ പണം ഇനിയും വൈകിയാൽ കിടപ്പാടം നഷ്ടപ്പെടും! ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പുഞ്ചക്കൊയ്‌ത്ത് അവസാനഘട്ടത്തിലെത്തിയിട്ടും സംഭരിച്ച നെല്ലിന്റെ പണം മാർച്ച് മുതൽ സ്തംഭിച്ച അവസ്ഥയിലാണ്. 51000 മെട്രിക് ടൺ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. 22889 മെട്രിക് ടൺ നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസാണ് കർഷകർക്ക് ലഭിച്ചത്. മാർച്ച് 15 വരെ സംഭരിച്ച നെല്ലിന്റെ പണം കർഷകരുടെ അക്കൗണ്ടിൽ എത്തിയതായി പാഡി ഓഫീസർ പറയുമ്പോൾ കർഷകർ അംഗീകരിക്കുന്നില്ല. മാർച്ച് ആദ്യം സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് പോലും മില്ലുകാർ നൽകിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. തിരുവാർപ്പ് കോതാരി, കണ്ണങ്കേരി പാടശേഖരങ്ങളിൽ നെല്ല് സംഭരിച്ച് രണ്ടാഴ്ച കഴിഞ്ഞു. മേയ് അവസാനമേ സംഭരണം പൂർത്തിയാകൂ. പത്ത് മില്ലുകളെയാണ് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉച്ചകഴിഞ്ഞുള്ള വേനൽ മഴയും തിരിച്ചടിയായി. വിഷു, ഈസ്റ്റർ അവധിയിൽ തൊഴിലാളി ക്ഷാമം ചൂണ്ടിക്കാട്ടി മില്ലുകൾ സംഭരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
കല്ലറയിൽ കൊയ്‌ത്ത് പൂർത്തിയായെങ്കിലും മൂന്നാഴ്ചയായി നെല്ല് പാടത്ത് കിടക്കുകയാണ്. കൂടുതൽ നനവ് ചൂണ്ടിക്കാട്ടി 23 കിലോ കിഴിവാണ് മില്ലുകൾ ആവശ്യപ്പെട്ടത്. പാഡി ഓഫീസർ മില്ലുകളുടെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലും ഉണ്ടാകുന്നില്ല. നീലംപേരൂരിൽ കർഷകർ നെല്ലു കത്തിച്ചാണ് പ്രതിഷേധിച്ചത്.
പറയാനുള്ളത് നഷ്ടത്തിന്റെ കഥ
ഒരേക്കറിൽ നിന്ന് 30 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്നിടത്ത് 15 വരെയായി താഴ്ന്നതും കർഷകർക്ക് സാമ്പത്തിക നഷ്ടമായി. 120 ദിവസം കൊണ്ട് വിളവെടുക്കേണ്ടത് പലയിടത്തും പ്രതികൂല കാലാവസ്ഥയും കൊയ്‌ത്ത് യന്ത്രക്ഷാമവും കാരണം 140 ദിവസം വരെ വൈകി. നെല്ല് കൊഴിഞ്ഞ് നഷ്ടപ്പെടാനും ഇതിടയാക്കി. പല പാടശേഖരങ്ങളിലും മഴയെ തുടർന്ന് വെള്ളം നിറഞ്ഞതോടെ യന്ത്രം ഇറക്കാൻ ബുദ്ധിമുട്ടാണ്. കൊയ്തെടുക്കാൻ ഇരട്ടി സമയമെടുക്കുന്നത് കർഷകരെ സാമ്പത്തിക ബാദ്ധ്യതയിലേക്കും തള്ളിയിടും.
സർക്കാർ ഏജൻസികളും, സ്വകാര്യമില്ലുകളും കർഷകരെ ഇതുപോലെ ചൂഷണം ചെയ്ത കാലം ഉണ്ടായിട്ടില്ല.
രാജപ്പൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |