SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

പാലാ പിടിക്കുമെന്ന് എൽ.ഡി.എഫ്, ഏഴ് സീറ്റെന്ന് യു.ഡി.എഫ് കൂട്ടിയും കിഴിച്ചും മുന്നണികൾ

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞു. ജില്ലയിൽ മുന്നണികൾ കണക്കുകൂട്ടുകയാണ്. സിറ്റിംഗ് സീറ്റുകൾ നിലനിറുത്തുനിന്നതിനൊപ്പം പാലാ പിടിക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ നിലനിറുത്തില്ല. കടുത്തുരുത്തിയിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാനായെന്നുമാണ് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകനം. മണ്ഡലം കമ്മിറ്റിയിൽ നിന്നുള്ള കണക്കുകൾ ലഭിക്കാത്തതിനാൽ ബി.ജെ.പി ഔദ്യോഗിക റിപ്പോർട്ട് തയാറാക്കിയിട്ടില്ല. കഴിഞ്ഞതവണ ജയിച്ച വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ നിലനിറുത്തും. എന്നാൽ ക്രൈസ്തവ വോട്ടുകൾ പി.സി.ജോർജിന് കൂടി ലഭിക്കുകയും മുസ്ലീം വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിക്കുകയും ചെയ്താൽ പൂഞ്ഞാർ കൈവിടാനുള്ള സാദ്ധ്യതയും സി.പി.എം കാണുന്നുണ്ട്. ചങ്ങനാശേരിയിലെ മത്സരം കഴിഞ്ഞ തവണത്തേക്കാൾ കടുത്തതായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിച്ചെങ്കിലും നായർ, ഈഴവ വോട്ടുകളിൽ കൂടുതൽ വിഹിതവും ഒരു വിഭാഗം മുസ്ളീം വോട്ടുകളും ലഭിച്ചത് എൽ.ഡി.എഫിന് ഗുണകരമായി.

ജോസ് കെ.മാണിക്ക് അനുകൂലം

പാലായിൽ നടന്നത് ത്രികോണ മത്സരമാണ്. ഷോൺ ജോർജിന്റെ സാന്നിദ്ധ്യം ജോസ് കെ.മാണിക്ക് അനുകൂലമായി. വൈക്കത്ത് സി.പി.ഐയിലെ ആഭ്യന്തര പ്രശ്നങ്ങൾ ബാധിച്ചെങ്കിലും പതിനായിരം വോട്ടിന് ജയിക്കുമെന്നുമാണ് വിലയിരുത്തൽ. ഏറ്റുമാനൂരിൽ കഴിഞ്ഞവർഷത്തെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വിജയിക്കും.

ഭൂരിപക്ഷം ഉയരുമെന്ന് യു.ഡി.എഫ്

സഭയുടെ പിന്തുണ ഗുണകരമായെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കോട്ടയത്തും പുതുപ്പള്ളിയിലും 30000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി അനുഭാവികളുടെ വോട്ടു ലഭിച്ചു. പൂഞ്ഞാറിൽ 15000 വോട്ടുകൾക്ക് ജയിക്കും. കഴിഞ്ഞതവണ നഷ്ടപ്പെട്ട മുസ്ളീം വോട്ടുകൾ കേന്ദ്രീകരിച്ചത് ഗുണകരമായി. പി.സി.ജോർജിന് ചെറിയ ശതമാനം ക്രൈസ്തവ വോട്ടുകൾ ലഭിച്ചാലും മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളുമെന്നും വിലയിരുത്തുന്നു. വൈക്കത്ത് അയ്യായിരം വോട്ടിന് താഴെയും കാഞ്ഞിരപ്പള്ളിയിൽ ഏഴായിരത്തിന് താഴെയും വോട്ടുകൾക്ക് തോൽക്കും. കടുത്തുരുത്തിയിൽ ഭൂരിപക്ഷം ഉയരും.

യു.ഡി.എഫ് കണക്കുകൂട്ടുന്നു

ചങ്ങനാശേരിയിൽ 5000 വരെ വോട്ടുകൾക്കും ഏറ്റുമാനൂരിൽ 2500 വരെ വോട്ടുകൾക്കും ജയിക്കും. പാലായിൽ ഭൂരിപക്ഷം കുറയും. ഷോണിന്റെ സാന്നിദ്ധ്യം കാപ്പനെ ബാധിച്ചെങ്കിലും 6000 വോട്ടുകൾക്ക് ജയിക്കുമെന്നുമാണ് അന്തിമവിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL