
കാഞ്ഞിരപ്പള്ളി : കപ്പാട് മേഖലയിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിനാണ് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പകർച്ചവ്യാധി വ്യാപന നിരോധന പ്രോട്ടോക്ൾകോ പാലിച്ചായിരുന്നു മരണാനന്തര ചടങ്ങുകൾ. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ വീടുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി വിവരശേഖരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. അസുഖബാധിതനായ ആളിൽ നിന്നും രണ്ട് മുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം.
മാസ്‌ക് ധരിക്കാൻ മറക്കേണ്ട
പനി ബാധിതരുമായി ഇടപഴകുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക
കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് വൈറസ് വ്യാപനം തടയാൻ സഹായിക്കും
പോഷകാഹാരങ്ങൾ കഴിക്കുകയും ചൂടുള്ള പാനീയം കുടിക്കുകയും ചെയ്യണം
ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രായമുള്ളവർ എന്നിവർ ജാഗ്രത പുലർത്തണം
രോഗപ്പകർച്ച ഒഴിവാക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണം
ലക്ഷണങ്ങൾ അവഗണിക്കരുത്
പനിയും ശരീരവേദനയും
തൊണ്ടവേദന, തലവേദന
കഫമില്ലാത്ത വരണ്ട ചുമ
ക്ഷീണവും വിറയലും
ഛർദിയും, വയറിളക്കവും
ശ്രദ്ധിക്കണം ഇവർ
അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ
65 വയസിനു മുകളിൽ ഉള്ളവർ
ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർ
രോഗ പ്രതിരോധശേഷി കുറഞ്ഞവർ
''പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. കൃത്യമായ ചികിത്സയാണ് എച്ച് വൺ എൻ വണ്ണിന് ആവശ്യം. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.
-ആരോഗ്യ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |