SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.21 AM IST

'രാഗേഷ് വ്യക്തിയല്ല, പാർട്ടിയുടെ പ്രതീകം'  പ്രചാരണങ്ങൾക്കെതിരെ പി.ജയരാജനും  ജില്ലാ നേതൃത്വവും

കണ്ണൂർ: സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധവും ആസൂത്രിതവുമായ രാഷ്ട്രീയ നീക്കമാണെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഗേഷിന് ജയരാജൻ പിന്തുണ അറിയിച്ചത്. സമാന നിലപാടിൽ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തിയിരുന്നു.
രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ലെന്നും കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണെന്നാണ് ജയരാജന്റെ നിലപാട്.
ജില്ലാ സെക്രട്ടറി രാഗേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ മാദ്ധ്യമങ്ങൾ തുടർച്ചയായി ചമയ്ക്കുന്ന വാർത്തകൾ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷം ജില്ലാ സെക്രട്ടറിക്കെതിരെ മാദ്ധ്യമങ്ങൾ തുടർച്ചയായി നിർമ്മിത കഥകൾ ചമയ്ക്കുകയാണെന്നും ഇത് സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമർശനമുണ്ടായെന്ന നിലയിലായിരുന്നു ഒരു വാർത്ത. പോസ്റ്റിന്റെ കമന്റ് ഭാഗം പൂട്ടിയെന്നു വരെ ചിലർ റിപ്പോർട്ട് ചെയ്തു. എന്നാൽ പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെ പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിംഗിനെയാണ് ആധികാരിക വാർത്തയായി അവതരിപ്പിച്ചതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.പാർട്ടിയെ അപഹാസ്യമാക്കുകയെന്ന ബോധപൂർവമായ അജണ്ടയാണ് ഇതിനെല്ലാം പിന്നിലെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL