SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.11 AM IST

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി.... തീച്ചൂളയിൽ ഉരുകി ഹോട്ടൽ വ്യവസായം

കോട്ടയം : നിത്യോപയോഗ സാധനങ്ങൾ,​ ഇന്ധനം,​ പാൽ....സർവതിനും വില ഉയരുകയാണ്. ഇതിനിടെ അടിക്കടി വാണിജ്യ സിലിണ്ടറിനും വില കൂട്ടുന്നതോടെ തീച്ചൂളയിലാണ് ഹോട്ടൽ വ്യവസായം. കാറ്ററിംഗ് മേഖലയിലുള്ളവർക്കും പിടിച്ചുനിൽക്കാനാകുന്നില്ല. ഭക്ഷണ സാധനങ്ങൾക്ക് വില ഉയർത്തിയാൽ കച്ചവടം കുറയുമെന്ന ഭയമാണ് ഹോട്ടലുടമകൾക്ക്. പക്ഷേ, കൂട്ടാതെ നിവൃത്തിയുമില്ല. ഇന്നലെ 46 രൂപ വർദ്ധിച്ച് 19 കിലോ വാണിജ്യ സിലിണ്ടറിന് 3131 രൂപയായി. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് വില വർദ്ധന. മേയ് ഒന്നിന് ഒറ്റയടിക്ക് 993 രൂപ കൂടിയിരുന്നു. വില വർദ്ധിച്ചതോടെ ചായക്കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ എന്നിവയുടെ ദൈനംദിനചെലവും കുത്തനെ ഉയർന്നു. കഴിഞ്ഞമാസം ചിലയിടങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. പ്രതിസന്ധിയെ തുടർന്ന് അടച്ചിരുന്ന തട്ടുകടകളും, ഹോട്ടലകളും വീണ്ടും തുറന്ന് പ്രവർത്തിച്ചു വരുന്ന സമയത്താണ് വില വർദ്ധനവ്. നിരവധി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് ഹോട്ടൽ, കാറ്ററിംഗ് മേഖല.

135 ഹോട്ടലുകൾക്ക് പൂട്ട്
ജില്ലയിൽ 1150 ഹോട്ടലുകളിൽ 135 എണ്ണം സമീപകാലത്ത് പൂട്ടിയെന്നാണ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ കണക്ക്. തൊഴിലാളി ക്ഷാമത്തിനൊപ്പം കൂലിയും വർദ്ധിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. പൊറോട്ട മേക്കറുടെ ശരാശരി 1000 രൂപയായിരുന്ന ശമ്പളം 1500 ആയി. ഷെഫിന് 2500 രൂപ വരെയായി. ക്ലീനിംഗ് സ്റ്റാഫിന് 700 ഉം, സപ്ലൈയർമാരുടെ കൂലി 700 ൽ നിന്ന് 1000 രൂപ വരെയുമായി. യൂണിഫോം, സൗജന്യ താമസം എന്നിവ കൂടിയാകുമ്പോൾ ഉടമകളുടെ സ്ഥിതി പരിതാപമാകും.


''ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില കൂടി. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്കും ജീവിക്കണ്ടേ. ഈ പോക്ക് പോയാൽ സാധാരണക്കാരുടെ കാര്യം വലിയ കഷ്ടത്തിലാകും.

(ആതിര, അമയന്നൂർ)

കൂട്ടുകാരുമൊത്തും കുടുംബക്കാരുമൊക്കെയായിട്ടും ആഴ്ചയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. ആ പതിവ് അവസാനിപ്പിച്ചു. ഹോട്ടലിൽ കയറിയാൽ പോക്കറ്റ് കാലിയാകും.

(ബീന ജേക്കബ് ചങ്ങനാശേരി)

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറച്ചു. ആരോഗ്യം ശ്രദ്ധിക്കുന്നതുകൊണ്ടല്ല, എല്ലാത്തിനും പൊള്ളുന്ന വിലയല്ലേ, പാലിന്റെ വില കൂടിയതോടെ പാൽച്ചായ ഒഴിവാക്കി കട്ടൻ ചായയാക്കി.

(ആഷിഖ്, തലയോലപ്പറമ്പ്)

എല്ലാത്തിനും പൊള്ളുന്ന വിലയാണ്. മുഖ പരിചയമുള്ളതും സാധാരണക്കാരായ സ്ഥിരം കസ്റ്റമറുകളാണ് ഏറെയും. അതിനാൽ ഒരു പരിധിയിൽ കൂടുതൽ വില കൂട്ടാനും കഴിയില്ല.

(കെ.കെ ഫിലിപ്പ് കുട്ടി, അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL