പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് നേതാക്കളുടെ നിർദേശം
പാലാ: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുവാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്രമുന്നണി കൂട്ടായ്മ. കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക, കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക, മായാ രാഹുൽ രാജിവെക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കുക, ഭരണ മേൽനോട്ടത്തിനായി യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കുക എന്നീ നാല് നിർദ്ദേശങ്ങളാണ് കൗൺസിലർമാരുടെ കൂടി അഭിപ്രായം കേട്ട ശേഷം പാർട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നിൽവെച്ചത്.
യു.ഡി.എഫിൽ നഗരസഭയിൽ പ്രാധിനിത്യം ഉള്ള ഇതര കക്ഷികളായ കേരള കോൺഗ്രസ്, കെ.ഡി.പി എന്നിവർക്ക് മുന്നിലും കോൺഗ്രസ് ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കോൺഗ്രസ് അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഉപാധിരഹിതമായി അംഗീകരിക്കുവാൻ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയ്യാറാകുകയും ചെയ്തതായി കോൺഗ്രസ് നേതാക്കളായ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, ഡി.സി.സി. ജനറൽ സെക്രട്ടറി പ്രൊഫ. സതീശ് ചൊള്ളാനി, ബ്ലോക്ക് പ്രസിഡന്റ് എൻ. സുരേഷ്, മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് എന്നിവർ പറഞ്ഞു.
ബിജു മാത്യൂസ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർ ഉയർത്തിയ എല്ലാ വിഷയങ്ങൾക്കും ഇതോടെ പരിഹാരമായെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ഈ തീരുമാനത്തിനൊപ്പം കോൺഗ്രസ് കൗൺസിലർമാർ നിൽക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ഇതേ സമയം പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ നീതിക്കും അഭിമാനത്തിനുംവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് പാലാ നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പാലാ നഗര സഭയിലെ കോൺഗ്രസ് കൗൺസിലർമാരെ ന കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണ്. തങ്ങൾ കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും കോൺഗ്രസ് പ്രവർത്തകരെ തമ്മിൽ തല്ലിക്കാനും ലക്ഷ്യമിട്ടുള്ളതുമാണ്.
പാർട്ടിയുടെ നൻമയും അണികളുടെ പൊതുവികാരവുമാണ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചതെന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണവും നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും
കോൺഗ്രസ് കൗൺസിലർമാർ ചേർന്ന യോഗത്തിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും പിന്തുണയുമായെത്തി. ഇതേ സമയം ആറംഗ കോൺഗ്രസ് കൗൺസിലർമാരിൽ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കൽ, രജിത പ്രകാശ് എന്നിവർ പങ്കെടുത്തില്ല. പാർട്ടി നേതൃത്വം നൽകുന്ന നിർദ്ദേശം മാത്രമേ തങ്ങൾ പാലിക്കൂവെന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |