
കോട്ടയം: കാൽനടയാത്രികർക്കും വളർത്തുമൃഗങ്ങൾക്കും പിന്നാലെയുള്ള ആക്രമണത്തിനു പിന്നാലെ സ്വകാര്യ ബസിന് നേരെയും തെരുവ് നായ്ക്ക ആക്രമണം. കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി നശിപ്പിച്ചു. സീറ്റുകളുടെ റെക്‌സിൻ, സ്‌പോഞ്ച്, കവർ എന്നിവ കടിച്ചുകീറി ബസിനുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. പിന്നേറ്റ് ബസ് ജീവനക്കാർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആക്രമണത്തിന് പിന്നിൽ തെരുവ് നായയാണെന്ന് വ്യക്തമായത്. വർഷങ്ങൾക്ക് മുമ്പും സമാന രീതിയിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിനും ഇത്തരത്തിൽ നാശനഷ്ടമുണ്ടായിരുന്നുവെന്ന് ബസ് ഉടമ ജാക്‌സൺ പറഞ്ഞു.
എ.ബി.സി പദ്ധതി
ഫലപ്രദമല്ലെന്ന പരാതി
തെരുവ്നായ ആക്രമണങ്ങൾ ജില്ലയിൽ വർദ്ധിച്ചുവരുന്നതായി ബസ് ഉടമകളും നാട്ടുകാരും ആരോപിക്കുന്നു. താറാവ്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങൾക്കു നേരെയാണ് ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നഗരസഭ പരിധിയിൽ കോടിമതയിൽ മാത്രമാണ് അനിമൽ ബർത്ത് കൺട്രോൾ സെന്റർ (എ.ബി.സി) കേന്ദ്രം പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ആശുപത്രി പരിസരങ്ങൾ, റോഡുകൾ എന്നിവിടങ്ങളിൽ തെരുവ്നായകൾ കൂട്ടമായി തമ്പടിക്കുന്നത് യാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാകുകയാണ്. കഴിഞ്ഞദിവസം സെൻസെസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥന് നേരെയും നായയുടെ ആക്രമണമുണ്ടായി. അലക്ഷ്യമായ മാലിന്യസംസ്‌കരണമാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
'പ്രിയദർശിനി പദ്ധതിയുടെ വരവോടെ സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള അധിക സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരുന്നത്.' സുരേഷ്, ബസ് ഉടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |