കോട്ടയം: അന്ത്യയാത്രയിലും സാധാരണക്കാരുടെ പോക്കറ്റ് കീറാതെ സംരക്ഷിച്ച നഗരസഭയുടെ മുട്ടമ്പലം ഗ്യാസ്, വൈദ്യുതി ശ്മശാനത്തിലെ മൃതദേഹ സംസ്‌കരണ ഫീസ് വർദ്ധിപ്പിച്ച തീരുമാനം പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സാധാരണക്കാരെയും ബാധിക്കുന്ന തീരുമാനമാണിതെന്നും ഫീസ് വർദ്ധന പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാസ് സിലിണ്ടറുകളുടെ വില ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവ് ഗണ്യമായി വർദ്ധിച്ചതിനാലാണ് ഫീസ് പുതുക്കേണ്ടിവന്നതെന്ന് നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ വിശദീകരിച്ചു. സിലിണ്ടറിന്റെ വില വളരെ കുറഞ്ഞിരുന്ന കാലത്ത് നിശ്ചയിച്ച നിരക്കാണ് ഇതുവരെ തുടർന്നിരുന്നത്.
സാധാരണക്കാരുടെ ആശ്രയം
നഗരത്തിൽ സ്വന്തമായി സംസ്കരിക്കാൻ ഇടമില്ലാത്ത ഭൂരിഭാഗം സാധാരണക്കാരും മുട്ടമ്പലം ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. മറ്റിടങ്ങളിലെ ഉൾപ്പെടെയുള്ള അജ്ഞാത മൃതദേഹങ്ങളും സംസ്‌കരിക്കാൻ ആശ്രയിക്കുന്ന പൊതുശ്മശാനം കൂടിയാണിത്. അതിനാൽ ശ്മശാന സേവനം അവശ്യസർവീസായി കണ്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഏറ്റുമാനൂർ, ചങ്ങനാശേരി ഫാത്തിമാപുരം, വടവാതൂർ എന്നിവിടങ്ങളിലാണ് മറ്റ് പൊതുശ്മശാനങ്ങളുള്ളത്.
വർദ്ധനവ് ഇങ്ങനെ
കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിലാണ് സംസ്‌കാരഫീസ് 1,000 മുതൽ 1,500 രൂപവരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ബി.പി.എൽ വിഭാഗത്തിന് 1,500 രൂപയായിരുന്നത് 2,500 രൂപയാക്കി. എ.പി.എൽ വിഭാഗത്തിന് 3,000 രൂപയായിരുന്നത് 4,500 രൂപയാക്കി.
നഗരസഭാ പരിധിക്ക് പുറത്തുള്ളവർക്ക് 4,500 രൂപയിൽ നിന്ന് 5,000 രൂപയായും ഫീസ് ഉയർത്താൻ തീരുമാനിച്ചു.
മൃതദേഹം സംസ്‌കരിക്കൽ നഗരസഭയുടെ അടിസ്ഥാന സേവനങ്ങളിൽ ഒന്നായതിനാൽ ഇത് ലാഭാടിസ്ഥാനത്തിൽ കാണരുത്.
ഷീജ അനിൽ
പ്രതിപക്ഷ കൗൺസിലർ
ശ്മശാന സേവനത്തെ വ്യവസായികാടിസ്ഥാനത്തിൽ കാണുന്നത് ശരിയല്ല. സാധാരണക്കാരെ സാമ്പത്തികഭാരത്തിലാക്കുന്ന തീരുമാനം നഗരസഭ പുനഃപരിശോധിക്കണം.
വിനു ആർ.മോഹൻ
കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |