
വൈക്കം: പെയിന്റിന്റെ കാലിയായ ടിന്നുകൾ, ഉപയോഗശൂന്യമായ ഫ്രിഡ്ജിന്റെ ഭാഗങ്ങൾ... ഇവയിൽ മണ്ണ് നിറച്ച് കർഷകനായ പി.വി. വിനീഷ് ചെടികൾ നട്ടപ്പോൾ എല്ലാവർക്കും സംശയം... കൃഷി വിജയിക്കുമോ?. അപ്പോഴും വിനീഷിന് നല്ല ആത്മവിശ്വാസം. ആ ആത്മവിശ്വാസമാണ് ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിൽ ഇന്ന് പൂക്കാലം തീർക്കുന്നത്. ഓരുവെള്ളം കയറുന്ന പ്രദേശത്ത് വ്യത്യസ്തമായ കൃഷിരീതിയിലൂടെ ശ്രദ്ധേയനാകുകയായിരുന്നു വിനീഷ്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ മഴക്കാലത്ത് ശേഖരിക്കുന്ന മഴവെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ കൃഷിരീതി ഏവർക്കും പ്രചോദനമാണ്. പൂക്കൾക്ക് വിപണിയിൽ മികച്ച വില ലഭിക്കുന്നതായി വിനീഷ് പറഞ്ഞു. സമീപത്തെ നാല് ഏക്കർ സ്ഥലത്ത് കരിമീൻ കൃഷിയും വിജയകരമായി നടത്തുന്നു. മികച്ച മത്സ്യകർഷകനുള്ള സംസ്ഥാന പുരസ്‌കാരവും വിനീഷിനെ തേടിയെത്തിയിട്ടുണ്ട്. ചെത്തിപ്പൂവിന്റെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിതാ മധുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജസീനാ ഷാജുദ്ദീൻ, പി.വി ദീപേഷ്, പുഷ്‌കരൻ, രഞ്ജനാ സുനിൽ, അഭിജിത്ത്, ഷൈലജാ സതീശൻ, കൃഷി ഓഫീസർ സിദ്ധാർത്ഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |