കോട്ടയം : ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ ഒരുകുടുംബത്തിലെ നാലുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (ജോബി, 50), ഭാര്യ ജോസ്‌ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ 13 നായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ജോസ്‌നയും , മരിയയും ശനിയാഴ്ചയും, തോമസ് ഞായറാഴ്ചയും, അലൻ ചൊവ്വാഴ്ചയുമാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹം ഇന്ന് രാവിലെ 11 ന് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ. ദുരൂഹതകൾ നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ പരാതി നൽകി. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയോ, ക്രൈംബ്രാഞ്ചിനെയോ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നാണ് ആവശ്യം. നിലവിൽ വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മറ്റ് രേഖകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പ്രാഥമികാന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. സഹകരണ സംഘത്തിലെ ക്രമക്കേടുകളാണ് പിന്നിലെന്ന ആരോപണം ശക്തമായതോടെ ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |