
അയർക്കുന്നം: ഇത് ഇത്ര ഊരാക്കുടുക്കാകുമെന്ന് നാട്ടുകാർ ഒരിക്കലും കരുതിയില്ല. അപകടാവസ്ഥയിലായ വാലുങ്കൽ പാലത്തിലൂടെയുള്ള വഴിയടഞ്ഞു. താന്നിക്കപ്പടിയിൽ നിന്ന് വരകുമലയിലൂടെ അമയന്നൂർ കവലയിലേക്ക് എങ്ങനെയെത്തുമെന്ന് ചോദിച്ചാൽ ചുറ്റിപ്പോകുമെന്ന് സാരം.
അമയന്നൂർ താന്നിക്കപ്പടി റോഡിലെ വാലുങ്കൽ പാലം അടച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും പുനർനിർമാണം ആരംഭിക്കാത്തത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായി രണ്ട് വർഷം പിന്നിട്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിൽ ഗർത്തം രൂപപ്പെട്ടതോടെയാണ് അപകടാവസ്ഥ മനസിലായത്. കരിങ്കൽക്കെട്ടുകൾ ഇളകി മണ്ണിടിഞ്ഞ് തോട്ടിലേക്ക് വീണു. ഭാരവാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി. ഇത് അവഗണിച്ച് വാഹനങ്ങൾ കടത്തിവിട്ടതോടെ അപകടസാദ്ധ്യത വീണ്ടും വർദ്ധിച്ചു. ഇതേതുടർന്ന് ഈവർഷം ആദ്യം പാലത്തിന്റെ ഇരുവശത്തും ഇരുമ്പ് ബാറുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായും തടഞ്ഞു. നിലവിൽ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രികർക്കും മാത്രം കടന്നുപോകാൻ ചെറിയ ഇടം മാത്രമാണ് അവശേഷിക്കുന്നത്.
എന്ന് തീരും ദുരിതം
താന്നിക്കപ്പടിയിൽ നിന്ന് വരകുമലയിലൂടെ അമയന്നൂർ കവലയിലേക്കുള്ള പ്രധാന പൊതുമരാമത്ത് റോഡിലെ പാലമായതിനാൽ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രയാണ് പ്രതിസന്ധിയിലായത്. അമയന്നൂർ സ്പിന്നിംഗ് മിൽ, റേഷൻ ഗോഡൗൺ എന്നിവിടങ്ങളിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നെങ്കിലും റൂട്ട് മാറ്റി. റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതനിരോധന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളിൽ ഇതറിയാതെ എത്തുന്ന വാഹനയാത്രികർ തിരികെപോകേണ്ട സാഹചര്യം പതിവാണ്.
തുടർനടപടിയില്ല
പാലത്തിന്റെ പുനർനിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി തുകയും അനുവദിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല.
അടിയന്തരമായി പാലം പുനർനിർമ്മിച്ച് ഗതാഗതം പുനസ്ഥാപിക്കണം. (തമ്പി, പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |