
കോരുത്തോട് : വന്യമൃഗശല്യം രൂക്ഷമായ കോരുത്തോട് പഞ്ചായത്തിന്റെ വനാതിർത്തി മേഖലയായ കണ്ടങ്കയത്ത് നാട്ടുകാരും, വനംവകുപ്പ് ഉദ്യോഗസ്ഥരും കൈകോർത്തതോടെ 24 മണിക്കൂറിനകം തീർത്തത് 300 മീറ്ററോളം താത്കാലിക സോളാർ ഫെൻസിംഗ്. കാട്ടാന അടക്കം ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് സംഭവമായിരുന്നു. സോളാർ ഫെൻസിംഗ് നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താൽ പ്രവർത്തനരഹിതമായിരുന്നു. പ്രദേശവാസികളുടെ ദുരിതമറിഞ്ഞ് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി സോളാർവേലി സ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചു. മികച്ച കർഷകനുള്ള ദേശീയ അവാർഡ് നേടിയ കണ്ടങ്കയം അടുപ്പുകല്ലേൽ ജോർജ് മാത്യു ഫെൻസിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മികച്ച ഏകോപനം
എരുമേലി, അയ്യപ്പൻകോവിൽ, അഴുത എന്നീ മൂന്ന് ഫോറസ്റ്റ് റേഞ്ചുകളിൽനിന്നുള്ള ഉപകരണങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏകോപിപ്പിച്ചാണ് പ്രവർത്തനം തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ സോളാർ ഫെൻസിംഗ് പുന:സ്ഥാപിക്കാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |