
മായാ രാഹുലും, ലിസിക്കുട്ടിയും രംഗത്ത്
പാലാ : നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 19 ന് രാവിലെ 11 ന് നടക്കും. പാലാ ഡി.ഇ.ഒ ആണ് വരണാധികാരി. മുൻ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള അവിശ്വാസത്തെ അനുകൂലിച്ച 17 അംഗ കൗൺസിലർമാർ ഒരു ടീമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നാല് കൗൺസിലർമാരും സ്വതന്ത്ര കൗൺസിലറായ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലും ഉൾപ്പെട്ട കൂറുമുന്നണിയിൽ നിന്ന് മായാ രാഹുലും, ലിസിക്കുട്ടി മാത്യുവും ചെയർപേഴ്സൺ സ്ഥാനത്തിനായി രംഗത്തുണ്ട്. നേരത്തെ മായാ രാഹുലിന്റെ പേര് മാത്രമായിരുന്നു ഉയർന്നിരുന്നത്. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനും സംഘത്തിനും ഇത് സ്വീകാര്യമായിരുന്നു.
എന്നാൽ അവിശ്വാസപ്രമേയത്തിന് ശേഷം ലിസിക്കുട്ടി മാത്യുവും ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. നിലവിൽ അഞ്ചംഗ സംഘത്തിലെ മൂന്നുപേരുടെ പിന്തുണ മായാ രാഹുലിന് ആണെങ്കിലും ഇതിൽ ഒരാൾ ഏതു നിമിഷവും നിലപാട് മാറ്റുമെന്ന ആശങ്കയും കൂറുമുന്നണിയിലുണ്ട്. ആരെ നിശ്ചയിച്ചാലും അവർക്ക് ധാർമ്മിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കുന്നു. ഒപ്പം ഭരണത്തിലേറാനില്ലെന്ന നിലപാടും ആവർത്തിക്കുന്നുണ്ട്.
തർക്കം തീർക്കാനും പ്രതിപക്ഷ നേതാവ്
ചെയർപേഴ്സൺ സ്ഥാനത്തിനായുള്ള കൂറുമുന്നണിയിലെ തർക്കം തീർക്കാനും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ മുന്നിട്ടിറങ്ങിയതായാണ് സൂചന. ലിസിക്കുട്ടി മാത്യുവിനെ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി പിന്മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ഏറെക്കുറെ വിജയിച്ചതായാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |