
കോട്ടയം: എങ്ങനെ കോട്ടയം നഗരത്തിലെ കുരുക്കഴിക്കും? അതിനുള്ള സാധ്യതകൾ തേടുകയാണ് അധികൃതർ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും. നിലവിൽ സർവീസ് ബസുകളും സ്‌കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചുചേർത്ത യോഗം നിർദേശിച്ചു. നഗരത്തിൽ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങൾ മണർകാട്- തിരുവഞ്ചൂർ-പട്ടിത്താനം ബൈപ്പാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നർ ലോറികൾ നഗരത്തിൽ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിർദേശിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ക്രിസ്മസ് സീസണോടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തീർക്കണം റോഡുപണി
സിമന്റ് കവല ജംഗ്ഷൻ-പാറേച്ചാൽ-തിരുവാതുക്കൽ, വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ വിളിച്ച് പണികൾ വേഗത്തിൽ പൂർത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം. ഈരയിൽക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടിയാൽ എം.സി. റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാം. ഇതിനായി 650 മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഉടനെ ചെയ്യേണ്ടത്
കഞ്ഞിക്കുഴി ജംഗ്ഷനിലെ വൈദ്യുതി തൂണും ട്രാൻസ്‌ഫോർമറുകളും മാറ്റിസ്ഥാപിക്കും
ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 15ന് വീണ്ടും യോഗം ചേരും
ദീർഘകാല അടിസ്ഥാനത്തിൽ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കും
കളക്ടർ, പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവർ ഉൾപ്പെട്ട സമിതി റിപ്പോർട്ട് തയാറാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |