SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.36 AM IST

സജ്ജമായി കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളും.... ഓണമുണ്ണാം,​ സദ്യ വീട്ടുപടിക്കലെത്തും

sadya

കോട്ടയം : സദ്യയില്ലാതെ മലയാളിയ്ക്ക് എന്ത് ഓണം. അതുതന്നെയാണ് ഹോട്ടലുകളുടെയും കാറ്ററിംഗ് യൂണിറ്റുകളുടെയും മാർക്കറ്റിംഗ് തന്ത്രവും. ഓണനാളുകളിൽ തൂശനിലയിൽ സദ്യ വിളമ്പാൻ തയ്യാറെടുക്കുകയാണ് അവർ. വീടുകളിൽ ഓണസദ്യ ഉണ്ടാക്കാൻ സാധിക്കാത്തവരിലേക്കാണ് റെഡിമെയ്ഡ് ഓണസദ്യകൾ എത്തുക. ഒരു കാൾ മാത്രം മതി​. സകലവി​ഭവങ്ങളും തൂശനി​ലയും സഹി​തം വീട്ടി​ലെത്തും. അതിനാൽ വീട്ടമ്മമാർക്ക് പാചകത്തി​ന്റെ തി​രക്കും ടെൻഷനുമി​ല്ല.

സദ്യയ്ക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കുടുംബശ്രീയും കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് ഗ്രാമപ്രദേശത്തെ വീട്ടമ്മമാർക്ക് പുതി​യൊരു തൊഴിൽവരുമാന മാർഗം കൂടെയാണ്. തൂശനിലയിൽ അവിയലും തോരനും പച്ചടിയും കിച്ചടിയും പായസവും ഓലനുമടക്കം പരമ്പരാഗത ഓണസദ്യ ലഭിക്കും. വർഷം തോറും ഓണസദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആവശ്യക്കാർ ഏറിയതോടെ പലയിടത്തും ബുക്കിഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ഉത്രാടം വരെ ബുക്കിംഗ് സ്വീകരിക്കും

20 - 30 % വില വർദ്ധന

നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും പാചക വാതകത്തിന്റെയും വില വർദ്ധന മൂലം ഇത്തവണ സദ്യയുടെ നിരക്കിൽ 20 - 30 ശതമാനത്തിന്റെ വരെ വർദ്ധനയുണ്ട്. സർക്കാർ ഓഫീസുകൾ പോയി ക്യാൻവാസിംഗ് നടത്തി ഓർഡർ എടുത്തവരുമുണ്ട്. ലളിതമായ വിഭവങ്ങളോടെ 160 രൂപയ്ക്കും സമൃദ്ധിയോടെ 999 രൂപ വയെും സദ്യലഭിക്കും. വാഴയിലയും പേപ്പർ ഗ്ളാസും ഉപ്പും പായസവും അടങ്ങുന്നതാണ് മിക്ക യൂണിറ്റുകളുടെയും സദ്യ. 18 മുതൽ 27 ഇനങ്ങൾ വരെ നൽകുന്നവരുണ്ട്. ചില കാറ്ററിംഗുകാർ മൂന്നു പായസം വരെ നൽകുമ്പോൾ സദ്യ മാത്രമായി നൽകുന്നവരുമുണ്ട്.

പായസവും കറികളും മാത്രം ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നഗര പ്രദേശങ്ങളിലെ മുൻനിര ഹോട്ടലുകളിൽ നിന്നാണ് ഓണ സദ്യ വാങ്ങുന്നതെങ്കിൽ നിരക്കിൽ ശരാശരി 100 രൂപയുടെ വർദ്ധന പ്രതീക്ഷിക്കാം. മിക്ക കാറ്ററിംഗ് യൂണിറ്റുകളും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 മുതൽ 10 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകുന്നുണ്ട്.

വാഴയിലയും മറുനാട്ടിൽ നിന്ന് വരണം

വാഴയില ഇല്ലാത്ത ഓണസദ്യയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനാകില്ല. പണ്ട് സദ്യതയ്യാറാകുമ്പോൾ തൊടിയിൽ നിന്ന് ഇല വെട്ടിവരുന്ന കാലം കഴിഞ്ഞു. ഇന്ന് പല വീടുകളിലും വാഴയില്ല. ഇതോടെ വാഴയിലയ്ക്കും ഡിമാന്റായി. തമിഴ്‌നാട്ടിൽ നിന്നാണ് തൂശനിലയിൽ ഏറെയും വരുന്നത്. മുൻവർഷം വയനാട് മേഖലയിൽ നിന്നു വാഴയില എത്തിയിരുന്നതായി കച്ചവടക്കാർ പറയുന്നു. വാഴയിലക്കെട്ടിന് വില 200 വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL