കോഴിക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകളും ബോധവത്കരണവും ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞമാസം 27 മുതൽ ആഗസ്റ്റ് 21 വരെ ജില്ലയിൽ നടത്തി 862 പരിശോധനകളിൽ 220 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 സ്ഥാപനങ്ങൾ പൂട്ടിച്ചു. 491 സാമ്പിളുകൾ ശേഖരിച്ചു. ഏഴ് കേസുകളെടുത്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും വിതരണവും വിപണനവും കൂടുന്ന സാഹചര്യത്തിൽ ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.
വ്യാപാരികളും സംരംഭകരും ശ്രദ്ധിക്കാൻ
ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഭക്ഷണം തയ്യാറാക്കുന്ന സ്ഥലവും പരിസരവും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കണം.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കണം.
പാകം ചെയ്ത ഭക്ഷണവും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളും പ്രത്യേകം സൂക്ഷിക്കണം.
കാലാവധി കഴിഞ്ഞതോ ഗുണനിലവാരത്തിൽ സംശയമുള്ളതോ ആയ ഭക്ഷ്യവസ്തുക്കൾ വിൽക്കരുത്.
ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമല്ലാത്ത നിറങ്ങൾ, രാസവസ്തുക്കൾ എന്നിവ ചേർക്കരുത്.
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഐസ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ ഉറവിടങ്ങളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം.
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ
വൃത്തിയും ശുചിത്വവും പാലിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് മാത്രം ഭക്ഷണം വാങ്ങണം.
സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കണം.
പായ്ക്കറ്റ് ഭക്ഷണങ്ങളുടെ നിർമ്മാണ തീയതി, കാലാവധി, ലേബൽ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം വാങ്ങണം.
നിറം, മണം, രുചി എന്നിവയിൽ അസ്വാഭാവികത തോന്നുന്ന ഭക്ഷണം കഴിക്കരുത്.
പാകം ചെയ്ത ഭക്ഷണം ദീർഘനേരം പുറത്തുവെച്ച ശേഷം കഴിക്കരുത്. മാംസം, മത്സ്യം, പാൽ ഉത്പന്നങ്ങൾ, ക്രീം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയുടെ സൂക്ഷിപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണം വാങ്ങിയ ശേഷം ശരിയായ രീതിയിൽ സൂക്ഷിക്കുകയും കഴിയുന്നത്ര വേഗത്തിൽ ഉപയോഗിക്കുകയും വേണം.
ഭക്ഷ്യവസ്തുക്കൾക്ക് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളിൽ പാക്ക് ചെയ്ത് നൽകുന്ന സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കണം.
പരാതികളും സംശയങ്ങളും അറിയിക്കാൻ ടോൾഫ്രീ നമ്പർ: 1800-425-1125
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |