SignIn
Kerala Kaumudi Online
Sunday, 23 August 2026 1.37 AM IST

അരുമയായി​ അരോമ

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 72ാമത് നെഹ്റുട്രോഫി ഫൈനൽ മത്സരത്തിൽ വി​ജയി​കളായി​ വെള്ളിക്കപ്പിൽ മുത്തമിട്ട് കന്നിക്കാരായ അരോമ - 1 ചുണ്ടൻ. ഒറ്റനോട്ടത്തിൽ ആരാണ് ജേതാവെന്ന് വ്യക്തമാകാത്ത തരത്തിൽ മൈക്രോ സെക്കൻ‌ഡുകളുടെ വ്യത്യാസത്തിലാണ് അരോമ ഫി​നി​ഷ് ചെയ്തത്. മിനിട്ടുകൾ തോറും മേൽപ്പാടവും നടുഭാഗവും മാറി മാറി മുന്നിലെത്തിയിരുന്ന ഫൈനലിൽ ഫിനിഷിംഗ് ലൈനിലേക്ക് അടുക്കവേ അരോമ ചുണ്ടൻ കുതിച്ചുകയറുകയായിരുന്നു. നീറ്റിലിറക്കി 13-ാം ദിവസം ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫിയും സ്വന്തമാക്കി പുന്നമടയി​ലെത്തി​യ അരോമ പ്രമുഖ ടീമുകളെ ഞെട്ടിച്ചാണ് മിന്നും വിജയം സ്വന്തമാക്കിയത്. കന്നി സീസണിൽ തന്നെ രാജപ്രമുഖൻ ട്രോഫിയും നെഹ്‌റു ട്രോഫിയും നേടിയെന്ന ചരിത്രം ഇനി അരോമയ്ക്കൊപ്പമുണ്ടാകും. സിനിമാതാരം രഞ്ജിത്ത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനായ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ്ബാണ് അരോമ ചുണ്ടനിൽ തുഴഞ്ഞത്. ക്ലബ്ബിനും വള്ളത്തിനും ഇത് നെഹ്റുട്രോഫിയിൽ കന്നി മത്സരമായിരുന്നു.

ആവേശത്തിരയിൽ

ഇരുണ്ടുകൂടിയ മഴമേഘങ്ങളെ വള്ളപ്പാടുകൾക്ക്‌ പിന്നിലാക്കി ഓളപ്പരപ്പിനെ കീറിമുറിച്ച്‌ ചുണ്ടനും വെപ്പും തെക്കനോടിയും ചുരുളനും കുതിച്ചുപായുന്ന കാഴ്ച്ചയ്ക്കായിരുന്നു ഇന്നലെ പുന്നമടക്കായലിൽ ആയിരങ്ങൾ സാക്ഷ്യം വഹിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ കാണാൻ ഇരിപ്പിടവും കവിഞ്ഞ്‌ ആരാധകർ ഗാലറികളിലേക്ക്‌ ഒഴുകിയെത്തി. പകൽ പതിനൊന്നിനാണ്‌ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങിയത്. വൈകിട്ട് 3.30ന് ചുണ്ടൻ വള്ളങ്ങൾ പോരിനിറങ്ങി. അകമ്പടിയായെത്തിയ മഴ ആവേശം കൂട്ടി. വഞ്ചിപ്പാട്ടിന്റെ ഈരടികൾ പുന്നമടയാകെ അലയടിച്ചു. നയനമനോഹരമായി മാസ്‌ഡ്രില്ലും അരങ്ങേറി​. ആർപ്പുവിളികളും വിസിലടി ശബ്ദങ്ങളും ആരാധകആവേശത്തിന്‌ താളമായി. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികൾ ധാരാളമെത്തിയിരുന്നു. 21 ചുണ്ടനുകൾ ഉൾപ്പെടെ 72 വള്ളങ്ങളാണ്‌ ജലമാമാങ്കത്തിൽ മാറ്റുരച്ചത്‌. വിജയികൾക്കുള്ള സമ്മാനദാനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലയുടെ ചുമതലയുള്ള
മന്ത്രി എം. ലിജു, കൊടിക്കുന്നിൽ സുരേഷ് എം.പി., ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. എം.എൽ.എ.മാരായ എ.ഡി. തോമസ്, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.

ഫൈനൽ - സമയനില (മിനിറ്റിൽ)

അരോമ -1 ചുണ്ടൻ , അരോമ ബോട്ട് ക്ലബ് കൊല്ലം : 4.23.328

നടുഭാഗം ചുണ്ടൻ, പി.ബി.സി പുന്നമട-എൻ.സി.എഫ്.സി ബോട്ട് ക്ലബ് - 4.23 .448

വീയപുരം ചുണ്ടൻ, യു.ബി.സി കൈനകരി എഫ്.സി - 4.23.770

മേൽപ്പാടം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് - 4.24. 015

ഫൈനലിനെ വെല്ലും മൂന്നാം ഹീറ്റ്സ്

ഫൈനലിനേക്കാൾ മികച്ച സമയം കുറിക്കാൻ പല ക്ലബ്ബുകൾക്കും സാധിച്ചത് ഹീറ്റ്സ് മത്സരങ്ങളിലായിരുന്നു. ഏറ്റവും ആവേശകരമായ മത്സരം നടന്നത് പി.ബി.സി പുന്നമടയുടെ നടുഭാഗവും, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടവും ഏറ്റുമുട്ടിയ മൂന്നാം ഹീറ്റ്സ് മത്സരമായിരുന്നു. കേവലം 04.15.492 മിനിറ്റിൽ മേൽപ്പാടം ഒന്നാമതെത്തിയപ്പോൾ 04.16.976 മിനിട്ടനായിരുന്നു നടുഭാഗം രണ്ടാമതായി ഫിനിഷ് ചെയ്തത്. ഈ സമയത്തെ മറികടക്കാൻ ഫൈനൽ മത്സരത്തിന് പോലും സാധിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL