
പാലാ : ഓണമെത്തിയാൽ എല്ലായിടത്തും ആഘോഷമാണ്. പൂക്കളമിട്ടും, ഓണസദ്യയൊരുക്കിയും, ഓണക്കളികൾ നടത്തിയും നാട് ഓണലഹരിയിൽ മുങ്ങുമ്പോൾ പങ്കെടുക്കാൻ സാധിക്കാത്തവരുമുണ്ട്. ആശുപത്രി ജീവനക്കാർ. അവശ്യ സർവീസ് ആയിപ്പോയല്ലോ. ഇതിന് പരിഹാരമായി ആശുപത്രി ഹാളിനുള്ളിൽ ഗ്രാമാന്തരീക്ഷം സൃഷ്ടിച്ച് വേറിട്ട ഓണാഘോഷം നടത്തി ശ്രദ്ധേയരാകുകയാണ് പാലാ ഗവ. ജനറൽ ആശുപത്രി ജീവനക്കാർ. ചുക്കാൻ പിടിച്ചതാകട്ടെ രണ്ട് താത്കാലിക ജീവനക്കാരും. ആർട്ടിസ്റ്റുകൾ കൂടിയായ സതീഷ്‌കുമാർ മറിയപ്പള്ളിയും, അഖിലേഷ് ഏറ്റുമാനൂരും.
ആശുപ്രത്രിയിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ടാണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. സൂപ്രണ്ട് ഡോ. അഭിലാഷും, സ്റ്റാഫ് കൗൺ പ്രസിഡന്റ് ഡോ.ശബരീനാഥും, സെക്രട്ടറി സിന്ധു കെ.വിയും ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകി.
തോട്ടുങ്കര ഗ്രാമപശ്ചാത്തലം
ഹാളിനുള്ളിലേയ്ക്ക് കടക്കുമ്പോൾ തോട്ടുങ്കര ഗവ എൽ.പി സ്‌കൂളിന്റെ ബോർഡ് കാണാം. തോട്ടുങ്കര ഗ്രാമമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം ദേവാലയങ്ങളും, ഒരു ഓല മേഞ്ഞ വീടും ഒരുക്കിയിട്ടുണ്ട്. ഒപ്പം ഗ്രാമത്തിൽ ശ്രദ്ധേയമായ ഒരു കള്ള് ഷാപ്പും. ഷാപ്പിൽ പഴയ സിനിമയുടെ പോസ്റ്ററും കാണാം. ഹാളിനുള്ളിലേയ്ക്ക് പ്രവേശിച്ചാൽ ഒരു നാട്ടുമ്പുറത്തിന്റെ ഓർമ്മകൾ അയവിറക്കാനാകും. കലംതല്ലിപ്പൊട്ടിക്കലും, കുപ്പിനിറയ്ക്കലും, സാരി ഉടുക്കൽ മത്സരവും, ഉടുപ്പിടീൽ മത്സരവും, സുന്ദരി സുന്ദരൻ മത്സരവും, വടം വലി മത്സരവും, അത്തപ്പൂക്കള മത്സരവും ആഘോഷത്തിന് മാറ്റ് കൂട്ടി. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |